‘മരക്കാര്‍’-ല്‍ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്

January 20, 2020

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മാര്‍ച്ച് 26 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തി. കീര്‍ത്തി സുരേഷിന്റെ കാരക്ടര്‍ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ആര്‍ച്ച എന്നാണ് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Read more: നിറചിരിയോടെ പരസ്പരം ചേര്‍ത്തുപിടിച്ച് കൊച്ചനിയനും ലക്ഷ്മി അമ്മാളും; സ്റ്റാര്‍ മാജിക് വേദിയില്‍ നിറഞ്ഞ് മൊഞ്ചുള്ള ഈ പ്രണയം

ചരിത്ര സിനിമകള്‍ക്ക് എക്കാലത്തും തിയേറ്ററുകളില്‍ മികച്ച വരവേല്‍പാണ് ലഭിക്കാറുള്ളത്. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. അതുകൊണ്ടുതന്നെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുക്കാനാണ് സാധ്യത. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. റോണി റാഫേലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

റാമോജി ഫിലിം സിറ്റിയിലാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. കൂടാതെ ഊട്ടി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍’. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണെന്നാണ് സൂചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ‘മരക്കാര്‍’ എന്ന സിനിമുടെ നിര്‍മാണം.

#KeerthiSuresh as #Aarcha in Marakkar – Arabikadalinte Simham#Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Aashirvad Cinemas on Sunday, 19 January 2020