സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി പാർവതി തിരുവോത്ത്

January 20, 2020

മലയാള സിനിമ ലോകത്ത് ഒട്ടേറെ സംഭാവനകൾ അഭിനയ പാടവത്തിലൂടെ നൽകിയ നടിയാണ് പാർവതി തിരുവോത്ത്. വിമർശനങ്ങളെ അതിജീവിച്ച് ബോളിവുഡ് വരെ തന്റെ സാന്നിധ്യം അറിയിച്ച പാർവതി, ദേശിയ തലത്തിൽ ശ്രദ്ധേയയാണ്.

2019 ൽ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന സിനിമയിലെ പ്രകടനം പാർവതിക്ക് കരിയറിൽ തന്നെ വലിയ കയ്യടികൾ നേടിക്കൊടുത്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറഞ്ഞ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നടിക്ക് നൽകി. ഇനി അഭിനയ രംഗത്ത് നിന്നും സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയാണ് പാർവതി. നടി തന്നെയാണ് ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധാനത്തിലേക്ക് കടക്കുന്ന വിവരം അറിയിച്ചത്.

2020 നവംബർ- ഡിസംബർ മാസങ്ങളോടെ സംവിധാനത്തിലേക്ക് ശ്രദ്ധ തിരിക്കുമെന്നാണ് പാർവതി പറയുന്നത്. 2021 ൽ ചിത്രീകരണം ആരംഭിക്കുന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നതെന്നും നടി വ്യക്തമാക്കുന്നു. സംവിധാന മേഖല തന്നെ ഏറെ ആവേശത്തിലാക്കുന്നുവെന്നും പാർവതി പറയുന്നു.

ഇപ്പോൾ ഉറൂബിന്റെ നോവലായ ‘രാച്ചിയമ്മ’യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാച്ചിയമ്മ എന്ന കഥാപാത്രമായാണ് പാർവതി ഈ ചിത്രത്തിൽ എത്തുന്നത്. ആസിഫ് അലിയാണ് നായകൻ.

മലയാള സിനിമയുടെ ദേശിയ മുഖമായി പാർവതി മാറിയതോടെ ബോളിവുഡ് താരങ്ങൾക്കൊപ്പം ഒട്ടേറെ വേദികൾ പങ്കിടാൻ പാർവതിക്ക് സാധിച്ചു. അടുത്തിടെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യം വഹിച്ച താരങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും പാർവതിയുടെ നിലപാടുകൾ തന്നെയായിരുന്നു.

Read More:‘മരക്കാര്‍’-ല്‍ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്

അതേസമയം പാർവതിയുടേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം ‘വൈറസാ’ണ്. കേരളം ഭീതിയോടെ നേരിട്ട നിപ വൈറസ് എന്ന വിഷയത്തെ ആസ്‍പദമാക്കി ആഷിക് അബു ഒരുക്കിയ ചിത്രമാണ് ‘വൈറസ്’. ചിത്രത്തിൽ ഡോക്ടർ അനുവായാണ് പാർവതി വേഷമിട്ടത്.