28 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്‌മാൻ മലയാളത്തിലേക്ക്; തിരിച്ചുവരവിന് പാതയൊരുക്കി ‘ആടുജീവിതം’

February 12, 2020

എ ആർ റഹ്‌മാന്റെ മാന്ത്രിക സംഗീതത്തിന്റെ ആരാധകരാണ് മലയാളികൾ. കാരണം ഓസ്കാർ വേദിയിൽ വരെയെത്തിയ സംഗീത പ്രയാണത്തിന് തുടക്കം കുറിച്ചത് മലയാളത്തിലാണ്. ‘യോദ്ധ’ എന്ന സിനിമയിൽ തുടങ്ങി പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായ എ ആർ റഹ്‌മാൻ ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ്.

ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിത’ത്തിലാണ് എ ആർ റഹ്‌മാൻ സംഗീതമൊരുക്കുന്നത്. ചെന്നൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അദ്ദേഹം സംഗീതം ചെയ്യുന്ന കാര്യം വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1992ൽ സംഗീത ശിവന്റെ ‘യോദ്ധ’യിലാണ് സംഗീത സംവിധായകനായി എ ആർ റഹ്‌മാൻ അരങ്ങേറ്റം കുറിച്ചത്. തുടക്കം നൽകിയത് മലയാളമായതിനാൽ തിരികെയെത്തുമെന്ന് മുൻപ് തന്നെ എ ആർ റഹ്‌മാൻ വ്യക്തമാക്കിയിരുന്നു.

‘ആടുജീവിതം’ എന്ന സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രീകരണത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ അടുത്ത ഷെഡ്യൂളിനു വേണ്ടി രൂപത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. തലമുടിയും താടിയും നീട്ടി വളര്‍ത്തി ശരീരഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നതും.

Read More:വാഹനത്തിൽ നിന്നും കരിമ്പ് മോഷ്ടിക്കുന്ന ആനക്കള്ളൻ: കുസൃതി നിറച്ച വീഡിയോ

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.