‘പ്രേതത്തില്‍ വിശ്വാസമുണ്ടോ..’; വിവിധ ഉത്തരങ്ങള്‍ക്ക് ഒപ്പം ഭയവും നിറച്ച് ‘ഇഷ’ ട്രെയ്‌ലര്‍

February 26, 2020

സ്വര്‍ണ്ണക്കടുവ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ ജോസ് തോമസ്. ‘ഇഷ’ എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. നിഗൂഢതകള്‍ നിറച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹൊറര്‍ ത്രില്ലറാണ് ‘ഇഷ’.

ഏറെ നിഗൂഢതയും സസ്‌പെന്‍സും ചേര്‍ത്താണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ‘ഹെര്‍ പ്‌ളേ ഗോട്ട് ഡാര്‍ക്കര്‍’ എന്ന ടാഗ്‌ലൈനോടെയാണ് ‘ഇഷ’ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുക. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. പ്രേത സങ്കല്‍പങ്ങളെക്കുറിച്ചുള്ള പലരുടേയും അഭപ്രായങ്ങളും ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം കിഷോര്‍ സത്യ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ബേബി അവ്‌നി, മാര്‍ഗറേറ്റ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Read more: അന്ന് മരണം മുന്നില്‍ കണ്ടപ്പോള്‍ നാസ ശാസ്ത്രജ്ഞരുടെ കണ്ണില്‍ പതിഞ്ഞത് ചന്ദ്രന്റെ ഈ ദൃശ്യങ്ങള്‍; അപൂര്‍വ്വ വീഡിയോ

വ്യത്യസ്ത കഥാപ്രമേയമുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ജോസ് തോമസ്. ‘മായാമോഹിനി’, ‘ശൃംഖാരവേലന്‍’, ‘മാട്ടുപ്പെട്ടി മച്ചാന്‍’, ‘സാദരം’, ‘ഉദയപുരം സുല്‍ത്താന്‍’, ‘സ്വര്‍ണ്ണക്കടുവ’ എന്നിവയെല്ലാം ജോസ് തോമസ് സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും ‘ഇഷ’ എന്ന പുതിയ ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ഇത് ശരിവയ്ക്കുന്നുണ്ട്.