വിജയങ്ങളുടെ അഞ്ഞൂറാൻ; പുതിയ റെക്കോർഡ് സ്വന്തമാക്കി മെസ്സി

February 1, 2020

കായികരംഗത്തെ ചരിത്രം പോലും വഴിമാറുകയാണ് മെസ്സി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിനു മുമ്പില്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ അര്‍ജന്റീന ക്യാപറ്റന്‍ ലിയോണല്‍ മെസ്സി സ്വന്തമാക്കാത്ത റെക്കോര്‍ഡുകളും വിരളമാണ്. മെസ്സിയുടെ റെക്കോര്‍ഡ് ചരിത്രത്തില്‍ പുതിയ ഒരെണ്ണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. കോപ്പ ഡെൽ റേ ഫുട്ബോൾ മത്സരത്തിൽ ബാർസ 5 -0 ന് ലെഗൻസിനെ തോൽപ്പിച്ചു. ഇതോടെ സ്പാനിഷ് ഫുട്ബോളിൽ 500 വിജയങ്ങൾ തികച്ചിരിക്കുകയാണ് ഈ താരം. സ്പാനിഷ് ഫുട്ബോളിൽ 500 വിജയങ്ങൾ തികയ്ക്കുന്ന ആദ്യ താരമാണ് മെസ്സി. സ്പാനിഷ് ക്ലബ് മത്സരങ്ങളിലെ 710 മത്സരങ്ങളിലാണ് മെസ്സി 500 വിജയങ്ങൾ തികച്ചത്.

രണ്ടു ഗോളുകൾ നേടിയാണ് മെസ്സി ബാർസലോണയെ ക്വർട്ടർ ഫൈനലിൽ എത്തിച്ചത്. അന്റോയ്ൻ ഗ്രീസ്മാൻ, ക്ലെമന്റ് ലാങ്‌ലെറ്റ്, ആർതർ മെലോ എന്നിവരും ഓരോ ഗോളുകൾ നേടി. അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാലു തവണയും കോപ്പ ഡെൽ റേ കിരീടം ബാർസയ്‌ക്കായിരുന്നു.