രസികന്‍ ഭാവങ്ങളുമായി മമ്മൂട്ടി; ശ്രദ്ധേയമായി ഡബ്ബിങ് വീഡിയോ

February 27, 2020

അഭിനയമികവുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ നടനാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന് ചലച്ചിത്രലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. മമ്മൂട്ടി പ്രധാന കഥാപാത്രമായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ഷൈലോക്ക്’. സമ്മിശ്ര പ്രതികരണം നേടിയ സിനിമയുടെ ചെറിയൊരു ഡബ്ബിങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് സംഭാഷണ ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം. ഒപ്പം താരത്തിന്റെ മുഖത്ത് വിരിയുന്ന ചില രസികന്‍ ഭാവങ്ങളും.

‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളുടെ സ്വഭാവമാണ് നായകകഥാപാത്രത്തിന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം.

ബോസ് എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിനിമാ നിര്‍മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ബോസ് കൊടുത്ത പണം കൃത്യമായി തിരികെ ലഭിച്ചില്ലെങ്കില്‍ പ്രശ്‌നക്കാരനാകുന്നു. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതാണ്. ഷേക്‌സ്പിയര്‍ കഥകളിലെ നെഗറ്റീവ് ടച്ചുള്ള ഷൈലോക്കിനെ ഓര്‍മ്മപ്പെടുത്തും ഈ കഥാപാത്രം. അതുകൊണ്ടാണ് ബോസിനെ എല്ലാവരും ഷൈലോക്ക് എന്നു വിളിക്കുന്നത്. ആ വിളിപ്പേരാണ് സിനിമയുടെ ടൈറ്റിലായതും.