‘ട്രാന്‍സ്’; ജിസിസി റിലീസ് ഫെബ്രുവരി 27-ന്

February 25, 2020

തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട തലങ്ങള്‍ സമ്മാനിച്ചുകൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുകയാണ് ‘ട്രാന്‍സ്’. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം ഈ മാസം 27-ന് ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്യും.

ഫഹദ് ഫാസില്‍ ‘ഗോഡ്മാന്‍’ ആയി അവതരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അന്‍വര്‍ റഷീദാണ്. ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയവിസ്മയങ്ങള്‍ ഒരുക്കുന്ന ഫഹദ് ഫാസിലിന്റെ അതിശയിപ്പിക്കുന്ന അഭിനയപ്രകടനംതന്നെയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ടത്. കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിച്ചിരിക്കുന്നു താരം.

Read more: ഔട്ട് ഒഴിവാക്കാന്‍ ഒരേ ക്രീസിലേക്ക് മത്സരിച്ചോടുന്ന ഇന്ത്യന്‍ താരങ്ങള്‍: ക്രിക്കറ്റിലെ അപൂര്‍വ്വ കാഴ്ചകള്‍

സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. നസ്രിയ, തമിഴ് സംവിധായകന്‍ ഗൗതം മേനോനന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്‌, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിംഗ് ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്. സാങ്കേതികമികവിലും ‘ട്രാന്‍സ്’ ഏറെ മികച്ചുനില്‍ക്കുന്നു.