എന്താണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ജനതാ കര്‍ഫ്യൂ’; അറിയാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന്…

March 20, 2020

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വരുന്ന ഞായറാഴ്ച(22-03-202)ജനതാ കര്‍ഫ്യൂ ആയി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ എന്താണ് കര്‍ഫ്യൂ എന്ന് ഗൂഗിളില്‍ തെരഞ്ഞവരുടെ എണ്ണം ചെറുതല്ല. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

‘മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജനതാ കര്‍ഫ്യൂവില്‍ തുടരണം. ആ സമയത്ത് ആരും വീടിന് പുറത്ത് ഇറങ്ങാന്‍ പാടില്ല’ ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

എന്താണ് ഈ ജനതാ കര്‍ഫ്യൂ എന്നാല്‍…? ആരും നിര്‍ബന്ധിക്കാതെ ജനങ്ങള്‍ സ്വയം നടപ്പിലാക്കേണ്ട ഒന്നാണ് ജനതാ കര്‍ഫ്യൂ എന്നത്. പ്രധാന മന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് മാര്‍ച്ച് 22 ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പൗരന്മാര്‍ കര്‍ഫ്യൂ പാലിക്കണം. ഈ സമയത്ത് അത്യാവശ്യ ഘട്ടത്തിലല്ലാതെ ആരും വീടിന് പുറത്ത് ഇറങ്ങരത്. റോഡിലും ഇറങ്ങരുത്. ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം. ജനങ്ങള്‍ നടപ്പിലാക്കുന്നതിനാലാണ് ഇത് ജനതാ കര്‍ഫ്യൂ എന്ന് അറിയപ്പെടുന്നത്.

കര്‍ഫ്യൂ പാലിക്കുന്നതിനോട് അനിബന്ധിച്ച് മറ്റ് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അവശ്യ സര്‍വീസുകള്‍ മാത്രമാണ് കര്‍ഫ്യൂ പാലിക്കുമ്പോള്‍ പ്രവര്‍ത്തിക്കേണ്ടത്. 65 വയസ്സിന് മുകളിലുള്ളവരെയും പത്ത് വയസ്സിന് താഴെയുള്ളവരെയും നിര്‍ബന്ധമായും വീടിന് പുറത്തിറക്കാതെ ഉള്ളില്‍ കഴിയാന്‍ അനുവദിക്കുക. ഇവരില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പരമാവധി ആളുകള്‍ വീടിനുള്ളില്‍ തന്നെയിരുന്ന് ജോലി ചെയ്യുക. മറ്റ് രോഗങ്ങളുള്ളവര്‍ അവശ്യഘട്ടത്തില്‍ മാത്രം ആശുപത്രികളില്‍ പോകുക. അത്യാവശ്യമില്ലാത്ത സര്‍ജറികള്‍ മാറ്റി വയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.

Read more: ആ മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടന്റെ വീട്ടുമുറ്റത്തെ മരത്തില്‍ നിന്നും ആപ്പിള്‍ താഴെ വീണതും ഗുരുത്വാകര്‍ഷണം തിരിച്ചറിയുന്നതും; ‘അത്ഭുതങ്ങളുടെ വര്‍ഷം’

ഇനി കര്‍ഫ്യൂ എന്ന വാക്കിനെ കുറിച്ച്… ഒരു ഓര്‍ഡറാണ് കര്‍ഫ്യൂ എന്നത്. ചില നിയന്ത്രണങ്ങളും ബാധകമാകും. സാധാരണഗതിയില്‍ ഇത് വ്യക്തികള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും അവിടെത്തന്നെ ആയിരിക്കാനുമുള്ള സമയത്തെയാണ് സൂചിപ്പിക്കുന്നത്. ‘കര്‍ഫ്യൂ’ എന്ന വാക്ക് ‘കവര്‍ ഫ്യൂ’ എന്ന ഫ്രഞ്ച് പദത്തില്‍ നിന്നുമാണ് രൂപപ്പെട്ടത്. ‘തീ മൂടുക’ എന്നാണ് ഈ വാക്കിന് അര്‍ത്ഥം. കാലങ്ങള്‍ക്ക് മുമ്പ് തടി കെട്ടിടങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ചില സമുദായങ്ങള്‍ക്കിടയില്‍ അപകടകരമായ തീ പടരാതിരിക്കാന്‍ നിശ്ചിത സമയത്ത് മണി മുഴങ്ങുമ്പോള്‍ എല്ലാ ലൈറ്റുകളും തീകളും മൂടണം എന്ന് ഒരു നിയമം നിലനിന്നിരുന്നു. വില്യം ദി കോണ്‍ക്വറര്‍ ആണ് ഇങ്ങനെ ഒരു നിയമം നിര്‍മിച്ചത്.