കൊവിഡ് 19: കടകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

March 24, 2020

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കനത്ത ജാഗ്രതയിലാണ് കേരളം. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഭക്ഷ്യ-മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ലഭ്യമാകും.

അതേസമയം സാധനങ്ങള്‍ വാങ്ങാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാവില്ല എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഒരുപാട് സാധനങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടേണ്ടതില്ല. അവശ്യ സാധനങ്ങള്‍ മിതമായ അളവില്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. കണ്ണില്‍ കാണുന്ന സാധനങ്ങളെല്ലാം വാങ്ങിക്കാതെ, ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി അതനുസരിച്ച് വാങ്ങുന്നതാണ് നല്ലത്.

അതുപോലെ തന്നെ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. പണമിടപാട് നടത്തുന്നതിന് മുന്‍പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വ്യത്തിയാക്കേണ്ടതുണ്ട്. ആളുകളുമായി കൃത്യമായ സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഷോപ്പിങ് കഴിഞ്ഞ് തിരികെ എത്തിയാല്‍ ഉടന്‍ വ്യക്തി ശുചിത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്.