‘അവളുടെ പുഞ്ചിരി ദിവ്യമാണ്, മനസ്സ് കൊണ്ട് മനസ്സിനെ തൊടുന്ന പുഞ്ചിരി’; ശാന്തിയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ബിജിബാല്‍

March 13, 2020

പ്രണയം അത്രമേല്‍ സുന്ദരമാണല്ലോ. ഹൃദയത്തിനുള്ളില്‍ ആഴത്തില്‍ വേരൂന്നിയ പ്രണയത്തെ ഒരിക്കലും പറിച്ചെറിയാനാവില്ലെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് സംഗീത സംവിധായകന്‍ ബിജിബാല്‍. നെഞ്ചോട് ചേര്‍ത്തുപിടിച്ചവര്‍ ഒരിക്കലും തിരിച്ചെത്താനാവത്തത്ര ദൂരത്തിലേക്ക് മായുമ്പോഴും അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ജീവിക്കാന്‍ കുറച്ച് പേര്‍ക്കേ കഴിയൂ. പ്രണയം ആഴത്തില്‍ വേരൂന്നിയവര്‍ക്ക് മാത്രം. അകാലത്തില്‍ തന്നെ വിട്ടുപോയ പ്രിയതമ ശാന്തിയുടെ ഓര്‍മ്മ വീണ്ടും പങ്കുവയ്ക്കുകയാണ് ബിജിബാല്‍.

എഴുത്തുകാന്‍ സഫറുള്ള പാലപ്പെട്ടിയുടെ ‘നാട്യങ്ങളില്ലാതെ’ എന്ന പുതിയ പുസ്തകത്തില്‍ ബിജിബാലിന്‍റെ ഭാര്യ ശാന്തിയെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ആ വരികള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ നന്ദി കുറിക്കുകയായിരുന്നു ബിജിബാല്‍. ‘അവളുടെ പുഞ്ചിരി ദിവ്യമാണ്. മനസ്സ് കൊണ്ട് മനസ്സിനെ തൊടുന്ന പുഞ്ചിരി. സഫറുള്ള പാലപ്പെട്ടി എന്ന എഴുത്തുകാരന്‍ ഇതിനു മുന്‍പ് അദ്ദേഹത്തിന് നേരിട്ടറിയാവുന്ന ശാന്തിയെ കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നു. ഇപ്പോള്‍ മഹത്തുക്കളെ കുറിച്ച് ‘നാട്യങ്ങളില്ലാതെ’ എന്ന പുസ്തകം അദ്ദേഹം എഴുതിയപ്പോള്‍ രണ്ടു പേജുകള്‍ അവള്‍ക്കായി നീക്കിവെച്ചത് അവളുടെ ഉപാധികളില്ലാത്ത മനോഹരമായ പുഞ്ചിരി കണ്ടാവണം. ശ്രീ സഫറുള്ള പാലപ്പെട്ടിയുടെ സ്‌നേഹത്തിനു കോടി നമസ്‌കാരം.’ ബിജിബാല്‍ കുറിച്ചു.

മുമ്പും പല തവണ ഭാര്യ ശാന്തിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ ബിജിബാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ശാന്തി ബിജിബാലിന്റെ മരണം. പ്രശസ്തയായ നര്‍ത്തകി കൂടിയായിരുന്നു ശാന്തി.