നിറചിരിയോടെ ഇന്ദ്രജിത്ത് ഒപ്പം അണിയറപ്രവര്‍ത്തകരും; ശ്രദ്ധേയമായി ‘ഹലാല്‍ ലവ് സ്റ്റോറി’ മേക്കിങ് വീഡിയോ

March 9, 2020

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സക്കരിയ മുഹമ്മദ് പുതിയ ചിത്രമൊരുക്കുന്നു. ‘ഹലാല്‍ ലവ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തെത്തിയ മേക്കിങ് വീഡിയോ. ചിത്രീകരണസമയത്തെ ചില രസകരമായ മുഹൂര്‍ത്തങ്ങളും മേക്കിങ് വീഡിയോയില്‍ ഇടം നേടിയിട്ടുണ്ട്. പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആസിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ‘ഹലാല്‍ ലവ് സ്റ്റോറി’ എന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും റെക്‌സ് വിജയനും ചേര്‍ന്ന് സംഗീതം നിര്‍വഹിക്കുന്നു.

Read more: ക്ഷണിക്കാതെ വിരുന്നിനെത്തിയ കുരുന്നുകള്‍ക്ക് സ്‌നേഹത്തോടെ വയറുനിറയുവോളം ഭക്ഷണം നല്‍കിയ ഒരു മനുഷ്യന്‍: വൈറല്‍ വീഡിയോ

സക്കരിയ മുഹമ്മദ് സംവിധാനം നിര്‍വഹിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയാളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. നിരവധി പുരസ്‌കാരങ്ങളും ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം നേടിയിരുന്നു.