‘കുട്ടികൾക്ക് കളികൂട്ടുകാരനായി ഒരു നായ’; സംരക്ഷണവും സ്നേഹവും കരുതലുംപറഞ്ഞ് കുറിപ്പ്

March 3, 2020

വളർത്തുമൃഗങ്ങൾക്ക് യജമാനന്മാരോടുള്ള കരുതലും സ്നേഹവുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വർത്തയാകാറുണ്ട്. ചിലപ്പോഴൊക്കെ ചില മൃഗങ്ങളുടെ അപ്രതീക്ഷിത സ്നേഹവും നാം കാണാറുണ്ട്. എന്നാൽ വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളത് നായകൾക്കാണ്.

കഴിഞ്ഞ ദിവസം കേരളക്കരയെ മുഴുവൻ വേദനയിൽ ആഴ്ത്തി മരണത്തിന് കീഴടങ്ങിയ ദേവനന്ദയുടെ വാർത്ത നാം കണ്ടിരുന്നു. ഈ സാഹചര്യത്തിൽ വളർത്തുനായകൾക്ക് ചെയ്യാൻ കഴിയുന്ന ചില സഹായങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആനിമൽ റെസ്‌ക്യൂ റീഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് പ്രവർത്തകയും തപാൽ വകുപ്പിൽ പോസ്റ്റ് വുമണുമായ സുഹാന എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

സുഹാനയുടെ കുറിപ്പ് വായിക്കാം:

നായകളുടെ കരുതലും സ്നേഹവും എത്രയാണെന്ന് അവരെ വളർത്തിയവർക്കു മാത്രമേ മനസിലാകൂ. മറ്റൊരാളെ പറഞ്ഞു മനസിലാക്കാനോ, വിശ്വസിപ്പിക്കാനോ പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം. അവർക്കും അനുഭവത്തിലൂടെ മാത്രമേ നായയുടെ സ്നേഹം മനസിലാകൂ. നായയെക്കുറിച്ചുള്ള അബദ്ധ ധാരണകളാണ് അവയെ അകറ്റി നിർത്താൻ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാൽ, നിർബന്ധിച്ച് ഒരു നായയെ വളർത്താൻ അവരെ പ്രേരിപ്പിച്ചാൽ അവരായിരിക്കും ഏറ്റവും കൂടുതൽ നായയെ സ്നേഹിക്കുന്നതും.

ഈ കഴിഞ്ഞ ദിവസം ദേവനന്ദയുടെ തിരോധാനവും, മരണവും മലയാളികളെ ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. ആ കുഞ്ഞിന്റെ കൂടെ ഒരു നായ ഉണ്ടായിരുനെങ്കിലോ! ചിന്തിച്ചു നോക്കൂ! ഒരുപക്ഷേ ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപെടുമായിരുന്നില്ല! അവൾ എങ്ങോട്ട് പോയി എന്ന് ആ നായയുടെ പെരുമാറ്റത്തിലൂടെ (അനുഭവങ്ങൾ ഉണ്ട്) ആ അമ്മയ്ക്കു മനസിലാകുമായിരുന്നു! ഇനി ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കിൽ ഒരു നായ ഉണ്ടെങ്കിൽ അതിന് മുതിരാൻ അവരൊന്നു മടിക്കും. അവർ ഒരു നായയെ വളർത്താത്തതിനാൽ കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നല്ല അർഥമാക്കുന്നത്. ഒരു സാധ്യതയാണ് ഇവിടെ പറഞ്ഞത്. നമ്മുടെ ഏറ്റവും വലിയ സ്വത്താണ് മക്കൾ. അവർക്കു വേണ്ടി ഒരു സാധ്യത പോലും തള്ളിക്കളയാൻ പാടില്ല.

നായയെ വളർത്തിയാൽ പേ വിഷബാധ വരുമെന്ന് വാദിക്കുന്നവരുണ്ട്. 1885-ൽ ലൂയി പാസ്ചർ പേ വിഷബാധയ്ക്കുള്ള പ്രതിരോധമരുന്ന് കണ്ടെത്തി. അതുകൊണ്ട് പേ പിടിപെടുമെന്ന തട്ടാമുട്ട് വാദം തികച്ചും അറിവില്ലായ്‍മയാണെന്ന് പറയാതിരിക്കാൻ വയ്യ. സമയാസമയങ്ങളിൽ എടുക്കുന്ന കുത്തി വയ‌പ്പുകൾ 100% പേ വിഷബാധയെ ചെറുക്കും. വിദേശ രാജ്യങ്ങളിൽ ഇങ്ങനെ ഒരു അസുഖം റിപ്പോർട്ട്‌ ചെയ്യപ്പെടാറുപോലും ഇല്ല എന്നതാണ് സത്യം.

പിന്നെ പറയുന്ന ഒരു രോഗമാണ് ആസ്‌ത്മ. 10 ൽ 2 പേർക്കു മാത്രമാണ് നായുടെയും പൂച്ചയുടെയും രോമങ്ങളിൽനിന്നു ആസ്‌ത്മ എന്ന രോഗം ഉണ്ടായിട്ടുള്ളത് അതായത് നിങ്ങളിൽ ഒരാൾക്കു വരാൻ 10% സാധ്യത (പ്രതിരോധ ശേഷിയുടെ അടിസ്ഥാനത്തിൽ മാത്രമേ ഉള്ളൂ! ഒരാളിലെ പ്രതിരോധ ശേഷിയുടെ അടിസ്ഥാനത്തിൽ മാത്രമേ റാബീസ് ഒഴികെ മറ്റു ഏതു അസുഖങ്ങളുടെയും വരുംവരാഴിക പറയാൻ സാധിക്കൂ. നായയിൽനിന്നു മനുഷ്യനിലേക്ക് പകരുന്ന പ്രധാന അസുഖം പേ വിഷബാധയാണ്. അതിനുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്.

ദിനംപ്രതി നാം വാങ്ങിക്കഴിക്കാറുള്ള പച്ചക്കറി, മത്സ്യം, ഇറച്ചി പോലെയുള്ളവയിൽ വിഷാംശം ഉണ്ടെന്ന് അറിഞ്ഞിട്ടും, അത് കിഡ്‌നിയെയും മറ്റു ആന്തരികാവയങ്ങളെയും തകരാറിലാകുമെന്ന് അറിഞ്ഞിട്ടും സ്വന്തം കുഞ്ഞുങ്ങൾക്ക് നമ്മളത് കൊടുക്കുന്നു! നമ്മളും കഴിക്കുന്നു! അത്രയും മാരകമാണോ ഒരു നായയെ വളർത്തുന്നത്? ചിന്തിച്ചു നോക്കൂ!

നായയോളം സ്നേഹവും നന്ദിയും ത്യാഗവുമുള്ള ഒരു സാധു ജീവി ഭൂമിയിൽ വേറേയില്ല. നിങ്ങളുടെ കണ്ണെത്താത്തിടത് അവരുടെ കണ്ണുകളും അവരും അവരുടെ ശ്രദ്ധയും എത്തും. തട്ടാമുട്ടി ന്യായം പറഞ്ഞ് നായ്ക്കളുടെ സംരക്ഷണവും സ്നേഹവും കരുതലും കുടുംബത്തിൽനിന്ന് ഒഴിവാകാതെ ഇരിക്കുക. തിരിഞ്ഞു ചിന്തിക്കാൻ ഒരു അവസരമുണ്ടായി എന്നുവരില്ല.