മരുഭൂമിയില്‍ അണയാത്ത തീയുമായി ഒരു ഗര്‍ത്തം; കേട്ടിട്ടുണ്ടോ ‘മരണത്തിലേയ്ക്കുള്ള വാതില്‍’ എന്ന്

April 19, 2020

മനുഷ്യന്റെ വിചാരങ്ങള്‍ക്കും ചിന്തകള്‍ക്കുമൊക്കെ അതീതമാണ് പ്രകൃതിയിലെ പല പ്രതിഭാസങ്ങളും. അപൂര്‍മായ ഒരു പ്രകൃതി പ്രതിഭാസമുണ്ട് തുര്‍ക്‌മെനിസ്ഥാനില്‍. അമ്പത് വര്‍ഷത്തിലേറെയായി അണയാത്ത തീയുമായി നിലകൊള്ളുന്ന ഒരു ഗര്‍ത്തം. അതും വിശാലമായ ഒരു മരുഭൂമിയില്‍. ദര്‍വാസ വാതക ഗര്‍ത്തം എന്നാണ് പേര്. ഈ ഗര്‍ത്തം അറിയപ്പെടുന്നതാകട്ടെ ‘നരകത്തിലേയക്കുള്ള വാതില്‍’ എന്നും.

1971-ല്‍ ഈ പ്രദേശത്ത് എണ്ണ ഖനനത്തിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. അതിന്റെ ഫലമായി ഡ്രില്ലിംഗ് റിഗ് സ്ഥാപിക്കുകയും ഖനനപ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. ഇതിനിടെ ഖനനത്തിനായി സ്ഥാപിച്ച ക്യാംപ് സ്ഥിതിചെയ്ത ഇടം തകര്‍ന്നു. അവിടെ വലിയൊരു ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. മാത്രമല്ല ഗര്‍ത്തത്തില്‍ നിന്നും വിഷവാതകങ്ങള്‍ ഉയരാനും തുടങ്ങി. ഇതിന് ശമനമുണ്ടാക്കാനായി ഗര്‍ത്തത്തിന് തീയിടുകയായിരുന്നു. എന്നാല്‍ തീയിട്ടതോടെ സദാസമയവും അഗ്നി നിറയുന്ന ഒരു ഒരു ഗര്‍ത്തമായി ഇത് മാറി.

അമ്പതിലേറെ വര്‍ഷമായിട്ടും ഈ അഗ്നിബാധ അണഞ്ഞിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരം ഈ പ്രദേശത്തുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. അതുകൊണ്ടാണത്രേ തീ അണയാത്തതും. 2013-ല്‍ ഗര്‍ത്തമടങ്ങുന്ന മരുഭൂമിയെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു.

മധ്യേഷന്‍ രാജ്യമാണ് തുര്‍ക്‌മെനിസ്ഥാന്‍. ഖസാക്കിസ്ഥാന്‍, ഉസ്‌ബെസ്‌കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും കാസ്പിയന്‍ കടലുമായാണ് തുര്‍ക്‌മെനിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നത്. അപൂര്‍വ്വമായ ഈ ഗര്‍ത്തം സ്ഥിതി ചെയ്യുന്ന മരുഭൂമിയിടെ പേര് കരാകും എന്നാണ്. തുര്‍ക്‌മെനിസ്ഥാന്റെ തലസ്ഥാനത്തുനിന്ന് 260 കിലോ മീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. 230 അടി വ്യാസവും 66 അടി ആഴവും ഉണ്ട് ഗര്‍ത്തത്തിന്.