‘ജീവിതമാർഗം തേടി ഈ നാട്ടിൽ നിന്നും പോയവരാണ്, എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവരെയെല്ലാം സംരക്ഷിക്കാനും സർക്കാർ തയ്യാറാണ്’- മുഖ്യമന്ത്രി

April 24, 2020

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആശ്വാസകരമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ അവർക്കായി എന്തും ചെയ്യാൻ സർക്കാർ പൂർണ സജ്ജരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ നാട് പ്രവാസികൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും എപ്പോൾ വേണമെങ്കിലും അവർക്ക് തിരികെ വരാനുള്ള സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

‘എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവർക്കാവശ്യമുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും. അവരിപ്പോൾ സ്ഥലത്ത് ആയിപ്പോയതുകൊണ്ട് ഇങ്ങോട്ട് വരാനുള്ള അവകാശമില്ലെന്ന് കരുതരുത്. നമ്മൾ ബസിൽ കയറിയ ശേഷം വേറാരും കേറരുത് എന്ന് പറയുന്നതുപോലെയാകരുത്. ജീവിതമാർഗം തേടി ഈ നാട്ടിൽ നിന്നും പോയവരാണ്. അവർക്ക് ഇപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശമുണ്ട്. എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവരെയെല്ലാം സംരക്ഷിക്കാനും സർക്കാർ ബാധ്യസ്ഥരാണ്. അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കും’ മുഖ്യമന്ത്രി വ്യക്തമാക്കി.