ലോക്ക് ഡൗൺ: മാറ്റിവെച്ച വിവാഹ ദിവസം സർപ്രൈസ് ഒരുക്കി പ്രിയപ്പെട്ടവർ, നിറകണ്ണുകളോടെ വരനും വധുവും

ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്നതുകൊണ്ടാവാം വിവാഹം ഏറ്റവും മനോഹരമാക്കാൻ എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ കൊവിഡ് വിതച്ച ഭീതിയിൽ നിരവധി വിവാഹങ്ങളാണ് മാറ്റിവെച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് വിവാഹം മാറ്റിവെച്ചും വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ മാത്രം നടത്തിയുമൊക്കെ പലരും നമുക്കിടയില്‍ മാതൃകയായി. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ് കൊവിഡ് കാലത്തെ ഒരു അപ്രതീക്ഷിത വിവാഹം.

ലോക്ക് ഡൗണിനെ തുടർന്ന് ഡോക്ടര്‍മാരായ സോ ഡേവിസും ടോം ജാക്‌സണും വിവാഹം മാറ്റിവെക്കുകയായിരുന്നു. എന്നാൽ സുഹൃത്തുക്കൾ ചേർന്ന് ഇരുവർക്കുംവേണ്ടി ഒരുക്കിയ ഒരു ഓൺലൈൻ വിവാഹമാണ് വൈറലാകുന്നത്.

ലണ്ടനിലെ എന്‍എച്ച്എസിന് കീഴിലുള്ള ഡോക്ടര്‍മാരാണ് ഇരുവരും. ഇവരുടെ വിവാഹം മാറ്റിവെച്ചിരുന്നു. എന്നാൽ ടോം ജാക്സന്റെ സഹോദരനാണ് ഇരുവർക്കും അപ്രതീക്ഷിതമായി ഒരു ഓൺലൈൻ വിവാഹ പാർട്ടി സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരേസമയം പങ്കെടുപ്പിച്ച് വെര്‍ച്വല്‍ വിവാഹ പാര്‍ട്ടി നടത്തുകയായിരുന്നു. സൂമിന്റെ സഹായത്തോടെ അമ്പതിലധികം പേരാണ് വിവാഹ പാർട്ടിക്ക് സംബന്ധിച്ചത്.

അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ടോമും ഡേവിസും. അതേസമയം വിവാഹ പാർട്ടിയിൽ പങ്കെടുത്തവർ ഇരുവർക്കുമായി വിവാഹമംഗള ഗാനങ്ങളും ആലപിച്ചു. ഇതിനായി ഇനിയും കാത്തിരിക്കാൻ ആവില്ലെന്ന് ടോം പറഞ്ഞു. എന്തായാലും കൊറോണ വൈറസിനെ തുടർന്ന് വിവാഹം മാറ്റിവെച്ചെങ്കിലും പ്രിയപ്പെട്ടവർ ഒരുക്കിയ ഈ അപ്രതീക്ഷിത പാർട്ടിയുടെ സന്തോഷത്തിലാണ് ഇരുവരും.