മരുന്നിന്‍റെ പേര് ചോദിച്ചപ്പോള്‍ “ജറുസലേം, ആവി പിടിക്കണ പച്ച ഗുളിക പിന്നെ വിക്‌സ് മിഠായി” എന്ന് മറുപടി; ചിരിയും ചിന്തയും നിറച്ച് ‘ഒരു ലോക്ക് ഡൗണ്‍ അപാരത’

April 24, 2020

കൊവിഡ് 19-നെതിരെയുള്ള പോരാട്ടത്തിലാണ് സംസ്ഥാനം. കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിരവധി ഹ്രസ്വചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ വേറിട്ട ഒരു ചിത്രം ശ്രദ്ധ നേടുന്നു.

ദ് പ്രീമിയര്‍ പദ്മിനി എന്ന യുട്യൂബ് ചാനലിലെ ‘ഒരു ലോക്ക് ഡൗണ്‍ അപാരത’ എന്ന വെബ് സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡാണ് ശ്രദ്ധ നേടുന്നത്. ‘സത്യവാങ്മൂലം സത്യസന്ധമായിരിക്കണം’ എന്ന വലിയ സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്. കൊവിഡ് രോഗവ്യാപനത്തെ ചെറുക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും വീട്ടില്‍ത്തന്നെ കഴിയണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ സത്യവാങ്മൂലത്തിന്റെ പിന്തുണയോടെ വളരെ അത്യാവശ്യഘട്ടത്തില്‍ പുറത്തിറങ്ങാന്‍ അനുമതിയുണ്ട്.

കള്ള സത്യവാങ്മൂലം ഉപയോഗിച്ച് അനാവശ്യമായി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവരും നമുക്കിടയില്‍ ഉണ്ടെന്ന് പറയാതിരിക്കാന്‍ ആവില്ല. ഡോക്ടറെ കാണാനെന്ന വ്യാജേന ഒരാള്‍ പുറത്ത് ഇറങ്ങുന്നതിനെ ചുറ്റിപ്പറ്റിയുള്ളതാണ് ‘ഒരു ലോക്ക് ഡൗണ്‍ അപാരത’യുടെ രണ്ടാമത്തെ എപ്പിസോഡ്. ചിരി നിറയ്ക്കുന്ന സംഭാഷണങ്ങള്‍ വീഡിയോയെ കൂടുതല്‍ മികച്ചതാക്കുന്നു.

വെബ്‌സീരീസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് ബാഹുലേയനാണ്. പ്രവീണ്‍ പി ജെ ആണ് നിര്‍മാണം. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. അഖില്‍ കവലയൂരിന്റേതാണ് തിരക്കഥ. നോബി, അസീസ്, അഖില്‍ കവലയൂര്‍ തുടങ്ങിയ താരങ്ങള്‍ ഈ വെബ് സീരീസില്‍ വേഷമിടുന്നു. മനു രമേശന്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ശങ്കര്‍ എസ് കെ ആണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.