‘മലയാള സിനിമകൾ കാണാറുള്ള ഒരു തമിഴൻ എന്ന നിലയിൽ ഞാനത് മനസിലാക്കുന്നു, സുരേഷ്‌ ഗോപി സാറിന്റെ “ഓർമയുണ്ടോ ഇ മുഖം” എന്ന ഡയലോഗ് പോലെയാണിതും’- ദുൽഖറിനെ പിന്തുണച്ച് നടൻ പ്രസന്ന

April 29, 2020

ദുൽഖർ സൽമാന്റെ നിർമാണത്തിൽ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം ചില പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. ചിത്രത്തിലെ ചില രംഗങ്ങളും പരാമർശങ്ങളുമാണ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്.

സിനിമയിൽ നായയെ പ്രഭാകരാ എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ ഉള്ളത്. ‘പട്ടണ പ്രവേശ’ത്തിൽ നിന്നുള്ള പ്രഭാകരാ എന്ന ഡയലോഗ് കേരളത്തിൽ വളരെ പ്രസിദ്ധമായ മീം ആണ്. എന്നാൽ തമിഴ്‌നാട്ടിൽ ഇത് വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു.

 ഇത് തമിഴ് പുലി നേതാവ് വേലുപ്പിളള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന തരത്തിലാണ് തമിഴ് പ്രേക്ഷകർ കരുതിയിരിക്കുന്നത്. കാര്യം വിശദീകരിച്ച് മാപ്പ് അറിയിച്ച് ദുൽഖർ സൽമാൻ രംഗത്ത് വന്നിരുന്നു.

ഇപ്പോൾ ദുൽഖർ സൽമാനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് തമിഴ് നടൻ പ്രസന്ന. മലയാള സിനിമകൾ കാണുന്ന ഒരാളെന്ന നിലയിൽ തനിക്ക് അത് മനസിലാകും എന്നാണ് പ്രസന്ന പറയുന്നത്.

‘ നമ്മുടെ നാട്ടിൽ ”എന്ന കൊടുമൈ ശരവണൻ” എന്ന ഡയലോഗ് പോലെ പ്രസിദ്ധമായ ഒരു പഴയ ഫിലിം ഡയലോഗിൽ നിന്നാണ് ഈ പേര് ഉപയോഗിച്ചിരിക്കുന്നത്. പ്രിയ ജനങ്ങളെ, എനിക്ക് ഈ പേരുമായി ബന്ധപ്പെട്ട വികാരം മനസ്സിലായി, പക്ഷേ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ വിദ്വേഷം പ്രചരിപ്പിക്കരുത്’. പ്രസന്ന ട്വിറ്ററിൽ കുറിക്കുന്നു. മാത്രമല്ല, ദുൽഖർ സൽമാനോട് മാപ്പ് പറയുകയും ചെയ്യുന്നുണ്ട് പ്രസന്ന.

‘മലയാള സിനിമകൾ കാണാറുള്ള ഒരു തമിഴൻ എന്ന നിലയിൽ ഞാൻ സന്ദർഭം മനസ്സിലാക്കുന്നു, തെറ്റിദ്ധാരണയ്ക്കും അനാവശ്യമായ എല്ലാ ദുരുപയോഗത്തിനും ദുൽഖറിനോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു..സുരേഷ്‌ഗോപി സാറിന്റെ “ഓർമയുണ്ടോ ഇ മുഖം” എന്ന ഡയലോഗ് പോലെ ഈ പേര് ഉപയോഗിച്ചിരിക്കുന്നതായി ഞാൻ മനസിലാക്കുന്നു’. പ്രസന്ന പറയുന്നു. ഇതിനു ദുൽഖർ നന്ദിയും അറിയിക്കുന്നുണ്ട്.