‘ഈ ഡാഡി കൂളാണ്’; ലോക്ക് ഡൗണിൽ മകനൊപ്പം നൃത്തംചെയ്ത് ശിഖർ ധവാൻ, വൈറൽ വീഡിയോ

April 18, 2020

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങൾ ഉൾപ്പെടെയുള്ളവർ വീടുകളിൽ ലോക്ക് ആണ്. ഒരുപാട് നാളുകൾക്ക് ശേഷം കുറെയധികം ദിവസം കുടുംബത്തിനൊപ്പം ചെലവഴിയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മിക്കവരും. കുടുംബത്തിനൊപ്പമുള്ള ഓരോ മുഹൂർത്തങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട് താരങ്ങൾ. ഇപ്പോഴിതാ ക്രിക്കറ്റ് താരം ശിഖർ ധവാൻ പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മകൻ സൊറാവരുമൊത്തുള്ള നൃത്ത വിഡിയോയാണ് ധവാൻ പങ്കുവെച്ചിരിക്കുന്നത്. ‘ഡാഡി കൂൾ’ എന്ന ബോളിവുഡ് ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവെച്ചിരിക്കുന്നത്.

കളിക്കളത്തിനപ്പുറവും ക്രിക്കറ്റ് താരങ്ങളെ ആരാധകർ ഫോളോ ചെയ്യാറുണ്ട്. താരങ്ങളുടെ ഓരോ വിശേഷങ്ങൾക്കും സമൂഹമാധ്യമങ്ങളിലും കാഴ്ചക്കാർ നിരവധിയാണ്.  അതുകൊണ്ടുതന്നെ ശിഖർ ധവാന്റെ വീഡിയോയും ഏറ്റെടുത്തുകഴിഞ്ഞു കാഴ്ചക്കാർ. ലോക്ക് ഡൗൺ വിരസത അകറ്റാൻ രസകരമായ മാർഗങ്ങളുമായി എത്തുന്ന താരത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതും.