ആനക്കൂട്ടം കൂടെയുണ്ടെന്ന ധൈര്യത്തിൽ സഞ്ചാരികളെ ഭയപ്പെടുത്താൻ ശ്രമിച്ച് കുട്ടിയാന; ഒറ്റക്കാണെന്ന് മനസിലായപ്പോൾ പിന്തിരിഞ്ഞ് ഒറ്റയോട്ടം- രസകരമായ വീഡിയോ

May 14, 2020

നാലുപേർ കൂടെയുണ്ടെങ്കിൽ എല്ലാവർക്കും ഏത് സാഹചര്യവും നേരിടാൻ നല്ല ധൈര്യമാണ്. എന്നാൽ ഒറ്റക്കായാൽ ഒരു ഉൾഭയമൊക്കെ ഉണ്ടാകും, അല്ലെ? മൃഗങ്ങളുടെ കാര്യവും അങ്ങനെയാണ്. സിംഹവും കടുവയുമൊക്കെയെ ഒറ്റക്കാണെങ്കിലും ഉശിരോടെ പോരാടി നിൽക്കാൻ ശ്രമിക്കൂ. ഇങ്ങനെ കൂട്ടത്തിൽ നിന്ന് ധൈര്യം കാണിച്ച് ഒറ്റക്കാണെന്നറിഞ്ഞപ്പോൾ വാലും ചുരുട്ടി ഓടുന്ന ഒരാനകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.

ഐ‌എഫ്‌എസ് ഓഫീസറായ സുശാന്ത് നന്ദ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത്. കാടിന് നടുവിലുള്ള റോഡിൽ ഒരുകൂട്ടം ആനകൾ നിൽക്കുകയാണ്. ഒരു കുട്ടിയാനയും ഈ കൂട്ടത്തിൽ ഉണ്ട്. വഴിയിൽ നിൽക്കുന്ന സമയത്താണ് സഞ്ചാരികളുടെ വാഹനം ആനകളുടെ ശ്രദ്ധയിൽ പെട്ടത്. മറ്റാനകൾ പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയെങ്കിലും അതറിയാതെ കുട്ടിയാന വാഹനത്തിനു നേരെ പാഞ്ഞു വരികയും ഇടക്ക് ഒന്ന് നിന്ന് അക്രമാസക്തത പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കാണുന്നവർക്ക് വളരെയധികം കൗതുകവും ചിരിയും സമ്മാനിക്കും കുട്ടിയാനയുടെ പാഞ്ഞുവരവ്. എന്നാൽ ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോഴാണ് മറ്റാനകൾ പോയ കാര്യം കുട്ടിയാന മനസിലാക്കുന്നത്. ഒന്ന് അന്തംവിട്ട് നിന്ന ശേഷം തിരിച്ച് ആനകളുടെ അടുത്തേക്ക് ഒറ്റയോട്ടമാണ്. വാഹനത്തിൽ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സാംബിയയിലെ സൗത്ത് ലുവാങ്‌വ നാഷണൽ പാർക്കിൽ നിന്നുള്ള രംഗമാണിത്. കുറച്ച് കാലങ്ങൾക്ക് മുൻപ് ചിത്രീകരിച്ചതാണെങ്കിലും ശ്രദ്ധിക്കപ്പെട്ടത് അടുത്തിടെയാണ്.

Story highlights- adorable baby elephant got angry at humans