ഇവർ രക്ഷയുടെ മാലാഖമാർ; ഇന്ന് ലോക ആതുരശുശ്രൂഷ ദിനം

May 12, 2020
nurse

ഇന്ന് ലോക ആതുരശുശ്രൂഷ ദിനം. ലോകം മുഴുവൻ സുഖം പകരാനായി ഊണും ഉറക്കവും നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നവർക്കായ് ഒരു ദിനം. മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്തും ലോക ജനത ഏറെ ആദരവോടെയും നന്ദിയോടെയും ഓർക്കുകയാണ് ലോകം മുഴുവനുമുള്ള ആതുരസേവകരെ.

ഭൂമിയിലെ മാലാഖമാരുടെ ദിനമാണ് മേയ് 12. വിളക്കേന്തിയ വനിത എന്ന്‌ ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജന്മദിനമാണ്‌ ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌.

1820 മേയ്‌ 12നാണ് നൈറ്റിംഗേല്‍ ജനിച്ചത്‌. ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ഫ്ലോറന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറന്‍സിന് താല്‍പ്പര്യം.

Read also: ‘കരുത്താണ് ഇവർ’; ഭൂമിയിലെ മാലാഖമാർക്ക് ആദരമർപ്പിച്ച് ഒരു സംഗീത ആൽബം

ക്രീമിയന്‍ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിച്ച് ഇവർ ഈ ജോലിയുടെ മഹത്വം ലോകത്തെ അറിയിച്ചു. പിന്നീട് ഫ്ലോറന്‍സ് നഴ്സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേര്‍ക്ക് അവിടെ പരിശീലനം നല്‍കി. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി നൈറ്റിംഗേല്‍. ‘വിളക്കേന്തിയ മാലാഖ’ എന്നാണ് നൈറ്റിംഗേല്‍ അറിയപ്പെടുന്നത്. 1910 ആഗസ്റ്റ് 13ന് നൈറ്റിംഗേല്‍ അന്തരിച്ചു.

ലോക നഴ്‌സസ് ദിനത്തിൽ, നിപ്പ വൈറസ് കാലത്ത് നിസ്വാര്‍ത്ഥമായി സേവനം ചെയ്ത് മരണപ്പെട്ട ലിനി എന്ന മാലാഖയും, കൊറോണക്കാലത്ത് മരണത്തിന് കീഴടങ്ങിയ നിരവധി നഴ്സുമാരെയും ആദരവോടെ ഓർക്കാം.

Story Highlights: world nurses day