ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടദിനം; ചരിത്രത്തിൽ ഇടംനേടിയ ‘ജൂൺ 25’

kapildev

I was born the day India won its world Cup’….25th june 1983‘ ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിൽ സോനം ഈ ഡയലോഗ് പറഞ്ഞുനിർത്തുമ്പോൾ ഇന്ത്യ മുഴുവൻ ആവേശത്തോടെ പറഞ്ഞു ‘Wow’ എന്ന്.. കാരണം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇന്ത്യൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് 1983 ജൂൺ 25.

ആദ്യ ലോകകപ്പ് ഓർമ്മയിലാണ് ഇന്ന് ഇന്ത്യൻ ജനത. 37 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകത്തിൻ്റെ നെറുകയിൽ എത്തിയത്.

വിജയത്തിന്റെ തേരിലേറി കപ്പ് ഉയർത്തി നിൽക്കുന്ന കപിൽ ദേവ് എന്ന ഇന്ത്യൻ നായകന്റെ ആ രൂപം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്.

പല രാജ്യങ്ങളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ആ വിജയം.1979ൽ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനക്കാരായി പുറത്തായ ഇന്ത്യ 1983ൽ ക്യാമ്പയിൻ തുടങ്ങുന്നത് തന്നെ വെസ്റ്റ് ഇൻഡീസിനെ കീഴ്മേൽ മറിച്ചുകൊണ്ടായിരുന്നു.

ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന തന്ത്രം പയറ്റികൊണ്ട് കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യൻപട രാജ്യത്തെ രക്ഷിച്ച ആ ദിവസം.

ജൂൺ 25 1983. ക്രിക്കറ്റിൻ്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സിൽ ഇത്തിരിക്കുഞ്ഞന്മാരും അതികായരും തമ്മിൽ ഒരു ലോകകപ്പ് കലാശപ്പോര്. ടീം കരുത്ത് പരിഗണിച്ചാൽ വെസ്റ്റ് ഇൻഡീസ് തുടർച്ചയായ മൂന്നാം കിരീടം ഉറപ്പിച്ചു. ഇന്ത്യയുടെ ഇന്നിംഗ്സ് അങ്ങനെ തന്നെയാണ് അവസാനിച്ചതും. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആൻഡി റോബർട്ട്സിൻ്റെ നേതൃത്വത്തിലുള്ള വിൻഡീസ് പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞു. കേവലം 183 റൺസെടുത്ത് ഇന്ത്യയുടെ എല്ലാവരും പുറത്തായി…

വിൻഡീസിന് ഹാട്രിക്ക് കിരീടം എന്ന തരത്തിൽവാർത്തകൾ പരന്നുതുടങ്ങി… ഇന്നിംഗ്സിൻ്റെ ഇടവേളയിൽ കപിൽ ദേവ് ഡ്രസിംഗ് റൂമിൽ വെച്ച് സഹതാരങ്ങളോട് എന്താണ് പറഞ്ഞെത് എന്നറിയില്ല. എന്ത് തന്നെയായാലും അത് ഗ്രൗണ്ടിൽ കണ്ടു. മദൻ ലാലും മൊഹീന്ദർ അമർനാഥും ബൽവിന്ദർ സന്ധുവും ചേർന്ന് വിൻഡീസിനെ വിറപ്പിച്ചു. 33 റൺസെടുത്ത റിച്ചാർഡ്സ് ആയിരുന്നു വിൻഡീസ് ടോപ്പ് സ്കോറർ. 52ആം ഓവറിലെ അവസാന പന്ത്. മൊഹീന്ദർ അമർനാഥിൻ്റെ ബാക്ക് ഓഫ് എ ലെംഗ്ത് ഡെലിവറിയുടെ ബൗൺസ് ജഡ്ജ് ചെയ്യാൻ വിൻഡീസിൻ്റെ അവസാന വിക്കറ്റായ മൈക്കൾ ഹോൾഡിംഗിനു സാധിച്ചില്ല. പാളിപ്പോയ ഒരു ഹാഫ് പുൾ ഷോട്ടിൽ ബാറ്റിനടിയിലൂടെ കടന്നുപോയ പന്ത് പാഡിൽ ഇടിക്കുന്നു. എൽബിഡബ്ല്യു അപ്പീൽ. അമ്പയർ വിരലുയർത്തുന്നു. ഇന്ത്യൻ ആഘോഷത്തിനു പങ്കാവാൻ ഗാലറിയിൽ നിന്ന് ആളുകൾ ഇരച്ചെത്തി. താരങ്ങൾ അവർക്കിടയിലൂടെ ഡ്രസിംഗ് റൂമിലേക്ക്.

അന്നാണ് ഇന്ത്യ ചരിത്രത്തിൽ ഇടംനേടിയ ആ നല്ല ദിനം.

Story Highlights: 37 years of India’s World Cup