‘ഞാൻ കടം തിരിച്ചു കൊടുക്കാനുള്ളവർ ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്, കയ്യിൽ പണമുണ്ടായിട്ടല്ല’- ഹൃദയം തൊടുന്ന വാക്കുകളുമായി സുബീഷ്

June 5, 2020

കൊവിഡ് മനുഷ്യന് സൃഷ്ടിച്ച പ്രതിസന്ധികൾ ചെറുതല്ല. ജോലിയില്ലാതെയും വരുമാനമില്ലാതെയും പലരും ബുദ്ധിമുട്ടിലാണെങ്കിലും മറ്റുള്ളവർക്ക് സഹായമാകാനും ശ്രമിക്കുന്നവരുണ്ട്. നടൻ സുബീഷ് സുധി തന്റെ ബുദ്ധിമുട്ടുകൾക്കിടയിലും ഓൺലൈൻ പഠനത്തിന് ആവശ്യമായ സഹായം നൽകിയിരിക്കുകയാണ്. സ്വന്തമായി ടി വി ഇല്ലാത്ത കുട്ടികൾക്ക് അദ്ദേഹം സുഹൃത്തുമായി ചേർന്ന് ടി വി വാങ്ങി നൽകി മാതൃകയാകുകയാണ്. ടി വി കൈമാറുന്ന ചിത്രത്തിനൊപ്പം ഹൃദയം തൊടുന്നൊരു കുറിപ്പും സുബീഷ് പങ്കുവെച്ചിട്ടുണ്ട്.

സുബീഷ് സുധിയുടെ വാക്കുകൾ;

ഞാൻ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്.. പ്രവാസിയായ അച്ഛന്റെ പൈസ മാറാൻ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂർ ടൗണിൽ വന്ന് മസാല ദോശയോ അല്ലെങ്കിൽ പൊറോട്ടയോ ബീഫോ കഴിക്കുന്നതാണ് എന്റെ ജീവിതത്തിൽ ഒരു കാലത്തെ ഏറ്റവും വലിയ ആർഭാടം.. ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളിൽ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികൾ ഞാൻ കഴിക്കുന്ന ബീഫും പൊറോട്ടയും കഴിക്കുന്ന കണ്ടിട്ടുണ്ട്. തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്.. മുതിർന്നപ്പോൾ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്. എന്നെക്കൊണ്ട് നടത്താവുന്ന രീതിയിൽ ഞാൻ ചെയ്യാറുമുണ്ട്. സമൂഹത്തിൽ എല്ലാവരും ഒരേ അവസ്ഥയിൽ ജീവിക്കണം എന്നു ചിന്തിക്കുന ഒരാളാണ് ഞാൻ.. അതാണ് ടി വി യില്ലാതെ, ടാബ് ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി DYFI ടി വി ചലഞ്ചിന്റെ ഭാഗമായി ഒരു ടി വി നൽകാൻ തീരുമാനിച്ചത് .. അതു ഇന്ന് DYFIയെ ഏൽപ്പിച്ചു ..DYFI അത് അർഹതയുള്ള കൈകളിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്….ടി വി യില്ലാതെ തന്റെ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ ദേവികക്ക് ആദരാഞ്ജലികൾ.

Read More:‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്‌

മുൻപ് ടൊവിനോ തോമസ്, മഞ്ജു വാര്യർ, ബി ഉണ്ണികൃഷ്ണൻ, ആഷിഖ് അബു തുടങ്ങിയ സിനിമാ പ്രവർത്തകരും ഓൺലൈൻ പഠനത്തിന് സഹായമാകാൻ ടി വി വാങ്ങി നൽകിയിരുന്നു.

Story highlights-actor subeesh sudhi donates t v