ഹൃദയങ്ങളില്‍ ചേക്കേറിയ പാട്ടു വിശേഷങ്ങളുമായി ‘ഒന്നാംകിളി രണ്ടാം കിളി’യില്‍ ബീയാര്‍ പ്രസാദ്‌: വീഡിയോ

June 8, 2020
OnnamKili Randamkili YouTube channel by Beeyaar Prasad

കേട്ട് മതിവരാത്ത സുന്ദരഗാനങ്ങള്‍ മലയാളികള്‍ക്കിടയില്‍ നിരവധിയാണ്. മനോഹരങ്ങളായ വരികളും സുന്ദര സംഗീതവും മധുരിതമായ ആലാപനങ്ങളുമൊക്കെ പല പാട്ടുകളേയും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. മലയാള സംഗീത പ്രേമികള്‍ക്ക് നിരവധി സുന്ദര ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവാണ് ബീയാര്‍ പ്രസാദ്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ ഒന്നാംകിളി രണ്ടാംകിളി… എന്ന ഗാനം മാത്രം മതി അദ്ദേഹത്തിന്‍റെ വരികളുടെ സൗന്ദര്യം വ്യക്തമാകാന്‍.

ഇപ്പോഴിതാ പാട്ടു വിശേഷങ്ങളുമായി യുട്യൂബില്‍ സജീവമായിരിയ്ക്കുകയാണ് ബീയാര്‍ പ്രസാദ്. ഒന്നാംകിളി രണ്ടാംകിളി എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. ചലച്ചിത്രരംഗത്തെ നിരവധിപ്പേര്‍ ചാനലിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നുണ്ട്. മോഹന്‍ലാലാണ് ചാനല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

‘ഒരു ഗാനം മാത്രം’ എന്നാണ് ആദ്യ പ്രോഗ്രാമിന്റെ പേര്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആസ്വാദക ഹൃദയങ്ങളില്‍ ചേക്കേറിയ ‘സ്വര്‍ഗ്ഗപുത്രി നവരാത്രി…’ എന്ന ഗാനത്തെക്കുറിച്ചാണ് ആദ്യ വീഡിയോയില്‍ ബീയാര്‍ പ്രസാദ് പറയുന്നത്. 1979-ല്‍ പുറത്തിറങ്ങിയ നിഴലാട്ടം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗാനരചയിതാവിനൊപ്പം മികച്ച അവതാരകന്‍കൂടിയായ ബീയാര്‍ പ്രസാദിന്റെ അവതരണം ഏറെ മികച്ചു നില്‍ക്കുന്നു. മലയാളികളുടെ മനസ്സുകളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന അനശ്വര ഗാനങ്ങള്‍ക്ക് ആസ്വാദനത്തിന്റെ ഒരാമുഖം തീര്‍ക്കുകയാണ് ബീയാര്‍ പ്രസാദ് ഈ പാട്ടു വിശേഷങ്ങളിലൂടെ…

Story highlights: OnnamKili Randamkili YouTube channel by Beeyaar Prasad