‘റോക്കറ്ററി: ദ നമ്പി എഫക്ടി’ൽ മാധവനൊപ്പം ഷാരൂഖ് ഖാനും സൂര്യയും

ശാസ്ത്രജ്ഞനും ഐ എസ് ആർ ഓ എഞ്ചിനിയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കറ്ററി: ദ നമ്പി എഫക്ട്’. നടൻ മാധവനാണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിനായുള്ള മാധവന്റെ ഒരുക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ മറ്റൊരു വാർത്തയാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.

‘റോക്കറ്ററി: ദ നമ്പി എഫക്ടി’ൽ അതിഥി വേഷത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനെത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വേഷം സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അതിന് ഷാരൂഖ് തന്നെയാണ് ഏറ്റവും ചേരുകയെന്നുമാണ് മാധവന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മൂന്നു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി വേർഷനിലാണ് ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നത്. തമിഴ് പതിപ്പിൽ സൂര്യയാണ് ഷാരൂഖ് ഖാന് പകരം അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. 70 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.


‘റോക്കറ്ററി’ക്ക് പുറമെ അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ‘ബ്രഹ്മാസ്ത്ര’യിലും ഷാരൂഖ് അതിഥി വേഷം ചെയ്യുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Read More: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ട്രൈ കളര്‍ ഫിലീസിന്റെ ബാനറില്‍ സരിത മാധവനും വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വര്‍ഗീസ് മൂലനും വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ വിജയ് മൂലനും ചേര്‍ന്നാണ് ‘റോക്കറ്ററി: ദ നമ്പി എഫക്ട്’ നിര്‍മിക്കുന്നത്.സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

Story highlights-Sharukh khan and surya to play a role in madhavan’s rocketry the nambi effect