‘നിനക്ക് വളരെ പ്രത്യേകമായൊരു കഴിവുണ്ട് പെൺകുട്ടി’- വൈറലായ ഗായിക ആര്യ ദയാലിന്‌ അമിതാഭ് ബച്ചന്റെ അഭിനന്ദനം

July 25, 2020

സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വൈറലായ ഗായികയാണ് ആര്യ ദയാൽ. കണ്ണൂർ സ്വദേശിനിയായ ആര്യ, ‘സഖാവ്’ എന്ന കവിത ചൊല്ലി മുൻപ് മലയാളികളുടെ പ്രിയങ്കരിയായിരുന്നു. കഥകളിപ്പദവും പോപ്പ് സംഗീതവും കൂട്ടിച്ചേർത്ത് ആര്യ അവതരിപ്പിച്ച ശൈലി ശ്രദ്ധേയമായതോടെയാണ് വീണ്ടും സമൂഹമാധ്യമങ്ങൾ അനുഗ്രഹീത ഗായികയെ ഏറ്റെടുത്തത്. ഇത്തവണ ആര്യയുടെ ആലാപനം ദേശിയ തലത്തിലാണ് ശ്രദ്ധ നേടിയത്.

ഒട്ടേറെ പ്രമുഖർ ആര്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോൾ ബോളിവുഡ് താരം അമിതാഭ് ബച്ചനും ആര്യയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ആര്യയുടെ വൈറലായ വീഡിയോക്കൊപ്പം അമിതാഭ് ബച്ചൻ കുറിച്ചിരിക്കുന്ന വാക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

എന്റെ പ്രിയ സുഹൃത്തായ ഒരാളാണ് എനിക്ക് ഈ വീഡിയോ അയച്ചുതന്നത് . ഇതാരാണെന്നു എനിക്കറിയില്ല, പക്ഷെ ഒരു കാര്യം പറയാൻ സാധിക്കും. നിനക്ക് വളരെ പ്രത്യേകതയുള്ള ഒരു കഴിവുണ്ട് പെൺകുട്ടി. ദൈവം അനുഗ്രഹിക്കട്ടെ. ഇത്തരം നല്ല സൃഷ്ടികൾ ഇനിയും തുടരുക. എന്റെ ആശുപത്രിവാസം കൂടുതൽ പ്രകാശപൂരിതമാക്കി നിന്റെ സംഗീതം’ എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചിരിക്കുന്നത്.

Read More: കേട്ടുകൊണ്ടേയിരിക്കും; ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ആര്യ ദയാല്‍

കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് അമിതാഭ് ബച്ചൻ. മകൻ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ തുടങ്ങിയവർക്കും കൊവിഡ് ബാധിച്ച് നാനാവതി ആശുപതിയിൽ ചികിത്സയിൽ കഴിയുകയാണ്.

Story highlights-amitabh bachan appreciating viral singer arya dayal