ശ്വാസകോശരോഗങ്ങളും കൊവിഡ് പ്രതിസന്ധിയും; അറിയാം ചില ആരോഗ്യകാര്യങ്ങൾ

July 20, 2020
asthma

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ കൊറോണ വൈറസ് വാക്സിൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അതേസമയം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും വേണ്ടി വരുന്ന ഒരു വിഭാഗമാണ് ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍. ഇത്തരക്കാര്‍ക്ക് കൊവിഡ്- 19 പിടിപെട്ടാല്‍ സ്ഥിതി ഗുരുതരമാകാനും സങ്കീര്‍ണ്ണതകളിലേക്ക് പോകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ വളരെ കരുതലോടെ വൈറസ് ബാധയേല്‍ക്കാതെ കഴിയേണ്ടത് അത്യാവശ്യമാണ്.

ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സിഒപിഡി രോഗികൾ ആണ്. കാരണം അവരുടെ പ്രകൃത്യാ ഉള്ള ശ്വാസകോശ പ്രതിരോധ സംവിധാനങ്ങൾ തകർന്ന അവസ്ഥയിലോ അല്ലെങ്കിൽ ലോപിച്ച അവസ്ഥയിലോ ആയിരിക്കും. അത് പെട്ടന്ന് വൈറസ് ശരീരത്തിലേക്ക് കടക്കുവാനും ശ്വാസംമുട്ട്, റെസ്പിറേറ്ററി ഫെയിലിയർ, എആർഡിഎസ് എന്നീ അവസ്ഥയിലേക്ക് എത്തിച്ചേരുവാനും കാരണമാകുന്നു. ഇത്തരം അവസ്ഥയിലെത്തുമ്പോഴാണ് വെന്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരുന്നത്.

ആസ്ത്മ രോഗികള്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാലഘട്ടം കൂടിയാണിത്. കൊവിഡ് ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകാൻ സാധ്യത വളരെയധികമാണ്.

ഇക്കാലയളവിൽ ആസ്തമ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെ ?

  • അടിയന്തര സാഹചര്യത്തിൽ വൈദ്യ സഹായം തേടാനും കൃത്യമായ ഫോളോ അപ്പ്  നടത്താനുമുള്ള ബുദ്ധിമുട്ടുകൾ
  • കൊവിഡ് രോഗം കൂടുതൽ ഗുരുതരമായി  ബാധിക്കുന്നത് ശ്വാസകോശ രോഗികളെ ആണ്. അത് ഗുരുതരാവസ്ഥ പ്രാപിക്കുന്നത് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളിലേക്കാണ്.
  • തുമ്മുക, ചുമയ്ക്കുക, കിതക്കുക എന്നിവ കാണുമ്പോൾ മറ്റുള്ളവർ കൊവിഡ് രോഗലക്ഷണങ്ങളായി വ്യാഖ്യാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ പുകവലി പൂർണമായും ഉപേക്ഷിക്കുക. സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കുക, സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുക. ഇതിന് പുറമെ മരുന്നുകൾ കൃത്യമായി കഴിക്കുക, ചികിത്സിക്കുന്ന ഡോക്ടർ നിർദ്ദേശിച്ച പോലെ ഇൻഹേലർ കൃത്യമായി എടുക്കുക. സാധാരണ സിഒപിഡി രോഗികൾക്ക് ഉണ്ടാകുന്ന അനുബന്ധ രോഗങ്ങളായ രക്താദിമര്‍ദ്ദം, പ്രമേഹം ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള മരുന്നുകളും കൃത്യമായി കഴിക്കുക. മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുക.

Read also: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 40,425 പേര്‍ക്ക്; 11 ലക്ഷം കടന്ന് രോഗികള്‍

ഇന്റെർസ്റ്റീഷ്യൽ ലങ് ഡിസീസ്, സിഒപിഡി പോലെയുള്ള ഗുരുതരമായ സ്റ്റേജിൽ ഉള്ള രോഗികൾ പലരും വീട്ടിൽ ഓക്സിജൻ ഉപയോഗിക്കുന്നവർ ആയിരിക്കും അങ്ങനെയുള്ളവർ അതു മുടക്കാനും പാടുള്ളതല്ല. ശരിയായ പോഷണ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണo. കാരണം പ്രോട്ടീൻ അഥവാ മാംസ്യത്തിന്റെ അഭാവം രോഗപ്രതിരോധശേഷി കുറയുവാനോ ശാരീരിക  അവയവങ്ങളുടെ ക്ഷമത കുറയുവാനോ കാരണമാകുന്നതായിരിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക ഒപ്പം പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുക.

ആസ്ത്മ രോഗികൾ വീട്ടിൽ ഇരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വാതിലുകളും ജനലുകളും തുറന്നിടാനും വീടിനകം പരമാവധി വൃത്തിയാക്കി സൂക്ഷിക്കുവാനുമാണ്. ചൂട് ഒഴിവാക്കാൻ വേണ്ടി തണുത്ത പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. മാനസിക സമ്മർദങ്ങൾക്ക് അടിമപ്പെടാതെ ഇരിക്കുക.

ഇതിലൂടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഗുരുതരമാകാതെ തടയാന്‍ സാധിക്കും എന്നത് മാത്രമല്ല ലോക്ക്ഡൗണും റിവേഴ്സ് ക്വാറന്റൈന്‍ കാലഘട്ടവും ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ഇത്തരം വ്യക്തികളില്‍ കൊവിഡ്- 19 രോഗബാധ വരാതെ തടയുവാനും സാധിക്കും.

Story Highlights: Covid 19 and health