രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 48,513 പുതിയ കൊവിഡ് കേസുകള്‍

July 29, 2020
new Covid cases

ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്ത് കൊവിഡ് കോസുകള്‍ വര്‍ധിക്കുന്നു. ഇതുവരെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 48,513 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,31,669 ആയി ഉയര്‍ന്നു.

കഴിഞ്ഞ ഒരു ദിവസം കൊണ്ട് രാജ്യത്ത് 768 പേര്‍ കൊവിഡ് രോഗം മൂലം മരണപ്പെടുകയും ചെയ്തു. ഇതുവരെ 34,193 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 2.25 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

രാജ്യത്തെ വിവിധ ആശുപത്രികളിലായി നിലവില്‍ 5,09,447 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ട്. 9,88,029 പേര്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights: Covid 19 Corona Virus India New Cases And Updates