ഓരോ മഴയിലും മലയാളികൾ ഓർത്തെടുക്കുന്ന ആ മനോഹര പ്രണയത്തിന് ഇന്ന് 33 വയസ്; തൂവാനത്തുമ്പികളുടെ ഓർമ്മയിൽ…

July 31, 2020
thoovanthumbikal

ഓരോ മഴയിലും ജയകൃഷ്ണനും ക്ലാരയും പത്മരാജന്റെ തൂവാനത്തുമ്പിയുമെല്ലാം മലയാളി ഹൃദയങ്ങളിൽ ഒരു നനുത്ത തൂവൽസ്പർശമായി പെയ്തിറങ്ങാറുണ്ട്…1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മലയാളികൾക്ക് പ്രണയത്തിന്റെ പുത്തൻ അനുഭൂതിക്കൊപ്പം മലയാള ചലച്ചിത്ര മേഖലയിൽ വേറിട്ടൊരു അനുഭവം കൂടിയാണ് സമ്മാനിച്ചത്..പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ ആഴവുമെല്ലാം മഴയെ സാക്ഷിനിർത്തി ഈ ചിത്രം പറയാതെ പറഞ്ഞു…അന്ന് വരെ മലയാള സിനിമ പറയാത്ത പുതിയൊരു വിഷയമാണ് ആ ചിത്രത്തിലൂടെ പത്മരാജൻ പറഞ്ഞുതുടങ്ങിയത്..

മോഹൻലാൽ എന്ന അത്ഭുത പ്രതിഭ ജയകൃഷ്ണനിലൂടെ നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ചു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ജയകൃഷ്ണൻ. 

ക്ലാരയായി സുമലതയും രാധയായി പാർവതിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ഓരോ മഴയിലും ജയകൃഷ്ണനെ ക്ലാരയുടെ സാന്നിധ്യം വേട്ടയാടുകയാണ്. മഴയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ചലച്ചിത്ര അനുഭവം തന്നെയാണ് തൂവാനത്തുമ്പികൾ പ്രേക്ഷകർക്കും സമ്മാനിക്കുന്നത്.

കഥയ്ക്കും കഥാപാത്രങ്ങൾക്കും പുറമെ ചിത്രത്തിലെ ഗാനങ്ങളും മലയാളികൾ നെഞ്ചോട് ചേർത്തതാണ്..ഒന്നാം രാഗം പാടി, മേഘം പൂത്തുതുടങ്ങി തുടങ്ങിയ ഗാനങ്ങൾ ഓരോ മഴയത്തും ഇന്നും സംഗീത പ്രേമികൾ മൂളാറുണ്ട്.

പത്മരാജന്റെ തന്നെ ഉദകപ്പോള എന്ന നോവലിനെ ആസ്പദമാക്കിയാണ് തൂവാനത്തുമ്പികൾ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

Story Highlights: In Memory Of Thoovanthumbikal