ഇങ്ങനെയൊരു ഇടിമിന്നല്‍ മുന്‍പ് കണ്ടിട്ടുണ്ടാവില്ല; ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍

July 23, 2020
Lightning as seen from space captured by NASA astronaut

തവലാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ് അപൂര്‍വ്വമായ ഒരു ഇടിമിന്നല്‍ ദൃശ്യം. ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ഇടിമിന്നലിന്റേതാണ് ഈ കാഴ്ച. ദൃശ്യങ്ങള്‍ പകര്‍ത്തിയതാകട്ടെ ബഹിരാകാശ നിലയത്തില്‍ നിന്നും.

ഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ബഹിരാകാശ നിലയത്തിലെത്തി, അവിടെ നിന്നും ലഭിക്കുന്ന കണ്ടെത്തലുകളും ചിത്രങ്ങളുമൊക്കെ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് അയക്കാറുണ്ട്. ഇത്തരത്തില്‍ പങ്കുവെച്ചതാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങളും. ഇടിമിന്നല്‍ എന്നു കേള്‍ക്കുമ്പോള്‍ നാം സാധാരണ മനസ്സില്‍ കാണുന്ന ദൃശ്യങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഭൂമിയുടെ മുകളില്‍ നിന്നും പകര്‍ത്തിയ ഈ ഇടിമിന്നല്‍ വീഡിയോ.

നാസയുടെ ബഹിരാകാശ യാത്രികനായ ബോബ് ബെന്‍കന്‍ ആണ് കൗതുകം നിറഞ്ഞ ഈ അപൂര്‍വ്വ കാഴ്ച പങ്കുവെച്ചത്. ഭൂമിയിലുള്ളവരെ സംബന്ധിച്ച് ഇത്തരത്തില്‍ ഒരു ഇടിമിന്നല്‍ ദൃശ്യം മുന്‍പ് കാണാനും ഇടയില്ല. ‘മുകളില്‍ നിന്നുള്ള ഇടിമിന്നല്‍’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കണ്ടുകഴിഞ്ഞു.

ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലിരുന്ന പകര്‍ത്തിയ ഈ ദൃശ്യങ്ങളില്‍ കറുത്തിരുണ്ടു മൂടിയ ആകശത്തു നിന്നുള്ള കാഴ്ചകളാണ് കാണാനാവുക. വയലറ്റ് നിറം പോലെ തോന്നും ഇടിമിന്നലിന്. മെയ് മാസത്തില്‍ സ്‌പെയ്‌സ് എക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍ എത്തിയതാണ് ബോബ്. ഓഗസ്റ്റില്‍ തിരികെ ഭൂമിയിലേക്ക് മടങ്ങും.

Story highlights: Lightning as seen from space captured by NASA astronaut