ക്യാമറയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫര്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ വീടു പണിയും: ഇതാണ് ‘ക്യാമറ വീട്’

July 17, 2020
house in camera theme

മനുഷ്യന്റെ നിര്‍മിതികളില്‍ ചിലത് പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ഇത്തരമൊരു നിര്‍മിതായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഒരു ക്യാമറ വീട്. വീട് എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കും ഓര്‍മ്മകളിലേക്കുമെല്ലാം എത്തുന്ന ചിത്രങ്ങളില്‍ നിന്നും ഏറെ വിഭിന്നമാണ് ഈ ക്യാമറ വീട്.

ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് അയാളുടെ ക്യാമറ തന്നെയാവും. ക്യാമറയോടുള്ള സ്‌നേഹവും ഇഷ്ടവുമാണ് ഈ ക്യാമറ വീടിന്റെ നിര്‍മിതിക്ക് പിന്നിലും. കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശിയും ഫോട്ടോഗ്രാഫറുമായ രവി ഹോഗല്‍ എന്നയാളുടെ വീടാണ് സൈബര്‍ ഇടങ്ങളിലും വാര്‍ത്തകളിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്നത്. ഒരു ഫോട്ടോഗ്രാഫര്‍ക്ക് ക്യാമറയോടുള്ള പ്രണയം എത്രത്തോളം ആവാം എന്ന് വ്യക്തമാക്കുന്ന ജീവിതമാണ് രവി ഹോഗലിന്റേത്.

Read more: ഈ ഭീമന്‍ കഴുകന്‍ ചിറകടിക്കാതെ പറക്കുന്നത് 160 കിലോമീറ്റര്‍ വരെ; അതിശയിപ്പിച്ച് പുതിയ കണ്ടെത്തല്‍

പൂര്‍ണ്ണമായും ക്യാമറയുടെ ആകൃതിയാണ് രവി ഹോഗലിന്റെ വീട്. വീടിന്റെ മുന്നിലേക്ക് നോക്കിയാല്‍ ലെന്‍സ്, ഷോ റീല്‍, ഫ്‌ളാഷ്, മെമ്മറി കാര്‍ഡ് എന്നിവ എല്ലാം കാണാം. ഇനി വീടിന്റെ ഉള്ളിലാണെങ്കിലോ, അവിടേയും ഉണ്ട് ക്യാമറയുടെ നിരവധി ഭാഗങ്ങള്‍. വീടിനകത്തെ സീലിങ്ങിന്റേയും ഭിത്തിയുടേയും ഒക്കെ നിര്‍മിതി ഇത്തരത്തില്‍ ക്യാമറയെ ഓര്‍മ്മപ്പെടുത്തും വിധമാണ്.

ഇതിനെല്ലാം പുറമെ രവി ഹോഗല്‍ മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരും ശ്രദ്ധേയമാണ്. ഈ പേരുകളിലുമുണ്ട് ക്യാമറയോടുള്ള ഒരു ഫോട്ടോഗ്രാഫറുടെ ആത്മബന്ധം. കാനോണ്‍, നിക്കോണ്‍, എപ്പ്‌സണ്‍ എന്നാണ് രവി ഹോഗലിന്റെ മക്കളുടെ പേര്.

71 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ഫോട്ടോഗ്രാഫര്‍ ഈ ക്യാമറ വീട് പണികഴിപ്പിച്ചത്. 49 കാരനായ രവി ഹോഗല്‍ കുട്ടിക്കാലം മുതല്‍ക്കേ ക്യാമറകളോട് ഇഷ്ടം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. ബാല്യകാലത്ത് ഗ്രാമത്തിന്റെ പലയിടങ്ങളിലും പോയി ചിത്രങ്ങള്‍ പകര്‍ത്തുന്നതും രവിയുടെ പ്രധാന വിനോദങ്ങളില്‍ ഒന്നായിരുന്നു. എന്തായാലും ബെല്‍ഗാമിലെ ഈ ക്യാമറ വീട് സൈബര്‍ ഇടങ്ങളില്‍ വൈറലാണ്.

Story highlights: Photographer build house in camera theme