73 വർഷം പഴക്കമുള്ള എലിസബത്ത് രാജ്ഞിയുടെ വിവാഹ ഗൗണും 101 വർഷം പഴക്കമുള്ള കിരീടവുമണിഞ്ഞ് കൊച്ചുമകളുടെ വിവാഹം; ശ്രദ്ധേയമായി ചിത്രങ്ങൾ

July 21, 2020

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രീസിന്റെ വിവാഹ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇറ്റാലിയൻ വ്യവസായിയായ മോപ്പെല്ലി മോസിയേയാണ് ബിയാട്രീസ് വിവാഹം ചെയ്തത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മേയിൽ നിശ്ചയിച്ചിരുന്ന വിവാഹം ജൂലൈ 17ന് കൊട്ടാരത്തിൽ വെച്ചുതന്നെ രഹസ്യമായി നടത്തുകയായിരുന്നു. കൗതുകകരമായൊരു പ്രത്യേകതയാണ് ഈ വിവാഹത്തെ മാധ്യമങ്ങളിൽ ചർച്ചയാക്കിയത്.

1947ൽ എലിസബത്ത് രാജ്ഞി വിവാഹത്തിന് ധരിച്ച അതേ ഗൗണാണ് കൊച്ചുമകൾ ബിയാട്രീസ് വിവാഹദിനത്തിൽ ധരിച്ചത്. വിന്റേജ് ശൈലിയിലുള്ള ഐവറി നിറത്തിലുള്ള ഗൗൺ ആണിത്. എലിസബത്ത് രാജ്ഞി അണിയുമ്പോൾ ഇത് സ്ലീവ്ലെസ്സ് ആയ ഗൗൺ ആയിരുന്നു. എന്നാൽ ബിയാട്രീസ് വസ്ത്രത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തി.

ഗൗണിനൊപ്പം എലിസബത്ത് രാജ്ഞി അണിഞ്ഞ കിരീടവും ബിയാട്രീസ് വിവാഹ ദിനത്തിൽ അണിഞ്ഞിരുന്നു. 1919ൽ വജ്ര കല്ലുകൾ പതിപ്പിച്ച് നിർമിക്കപ്പെട്ട കിരീടം പകിട്ട് മങ്ങാതെ ബിയാട്രീസിന്റെ വിവാഹത്തിനും സാക്ഷ്യം വഹിച്ചു.

ആൻഡ്രൂ രാജകുമാരന്റെയും സാറായുടെയും മകളാണ് ബിയാട്രീസ്. വളരെ രഹസ്യമായി നടന്ന വിവാഹമായതിനാൽ അധികം ആളുകൾ പങ്കെടുത്തിരുന്നില്ല. എലിസബത്ത് രാജ്ഞി, ഭർത്താവ് ഫിലിപ്പിനൊപ്പം ചടങ്ങുകളിൽ പങ്കെടുത്തു.

അതേസമയം, സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും വിൻഡ്സ്റ്റർ കാസിലിലേക്ക് എലിസബത്ത് രാജ്ഞിയെ മാറ്റി പാർപ്പിച്ചിരുന്നു. 500ലധികം ജീവനക്കാരുള്ള കൊട്ടാരത്തിൽ എത്രത്തോളം രോഗബാധയുണ്ടായി എന്ന കാര്യത്തിൽ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 92 വയസുള്ള രാജ്ഞി ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. ബ്രിട്ടനിൽ കൊവിഡ് വലിയ ആശങ്കയാണ് വിതയ്ക്കുന്നത്. കർശന നിയന്ത്രണങ്ങളിലാണ് ജനങ്ങൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിവാഹം ബിയാട്രീസിന്റെ വിവാഹം നടന്നത്.

Story highlights-princess beatrice wore wedding gown and crown of queen elizabeth