കൊവിഡ് കാലത്ത് ദീർഘദൂര യാത്രകൾ നടത്തുന്ന ഡ്രൈവർമാർ അറിയാൻ…

July 24, 2020
drivers_healthy

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇക്കാലത്തും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് അത്യാവശ്യ യാത്രകൾ. പ്രത്യേകിച്ച് ട്രക്കുകള്‍ മുഖേനയുള്ള ചരക്കു നീക്കം. കൂടാതെ മറ്റ് സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെയും രോഗികളെയും ഗര്‍ഭിണികളെയും കുട്ടികളെയും തിരിച്ചുകൊണ്ട് വരേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് രോഗബാധ ഏല്‍ക്കുന്ന സാഹചര്യം കൂടുതലാണ്. അതുകൊണ്ടുതന്നെ ഡ്രൈവര്‍മാര്‍ യാത്രയിലുടനീളം പാലിക്കേണ്ടതായ മുന്‍കരുതലുകൾ എന്തൊക്കെയെന്ന് നോക്കാം.

 ക്യാബിനില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും കയറുമ്പോഴും ഡ്രൈവര്‍മാര്‍ സോപ്പുപയോഗിച്ച് കൈകഴുകുകയോ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ്‌ സാനിറ്റൈസർ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയോ ചെയ്യണം.

യാത്രയിലുടനീളം ഡ്രൈവര്‍മാര്‍  മാസ്ക് ധരിക്കേണ്ടതാണ്. ക്യാബിനുള്ളില്‍ മറ്റുള്ളവരുമായി സാമൂഹിക അകലം ( 1 മീറ്ററില്‍ കൂടുതല്‍) എപ്പോഴും പാലിക്കേണ്ടതാണ്. യാത്രക്കാര്‍ അവരവരുടെ ലഗേജുകള്‍ സ്വന്തമായി വാഹനങ്ങളില്‍ കയറ്റിവക്കേണ്ടതാണ്. കയറ്റിവയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ സഹായിക്കുകയാണെങ്കില്‍ അതിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കണം.

യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനത്തിനുള്ളില്‍ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേകം ക്യാബിന്‍ വേണ്ടതാണ്. ഇല്ലെങ്കില്‍ ഡ്രൈവര്‍ സീറ്റും യാത്രക്കാരെയും തമ്മില്‍ വേര്‍തിരിക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് ഷീറ്റ്കൊണ്ടുള്ള ഒരു മറ തയ്യാറാക്കേണ്ടതാണ്.

 പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് ഡ്രൈവര്‍മാര്‍ സ്വയം വിലയിരുത്തുക. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ  ബന്ധപ്പെടുന്നതിനായി ദിശ കാള്‍ സെന്‍റററിന്റെ (0471-2552056) സേവനം തേടുക.

സംസ്ഥാനത്ത് എവിടെയെങ്കിലും 12 മണിക്കൂറില്‍ കൂടുതല്‍ വിശ്രമത്തിനായോ അല്ലെങ്കില്‍ മാറ്റാവശ്യങ്ങള്‍ക്കായോ യാത്രക്കിടയില്‍ തങ്ങേണ്ടിവന്നാല്‍ ( വര്‍ക്ക്ഷോപ്പ്, ലോഡിങ്ങ്, അണ്‍ലോഡിങ്ങ്, വിശ്രമം) ദിശ ഹെല്പ് ലൈന്‍ നമ്പര്‍ വഴി തൊട്ടടുത്ത ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിക്കുക.

Read also: സൂര്യയും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നു- ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘വാടി വാസലി’ൽ വേറിട്ട ലുക്കുമായി സൂര്യ

 വാതില്‍പ്പിടി, കോവണിപ്പിടി തുടങ്ങിയ എല്ലാവരും തൊടാന്‍ സാധ്യതയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. മുഖം, കണ്ണ്, മൂക്ക്, വായ, ചെവി തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. കെട്ടിപ്പിടിക്കുക, ശരീരത്തില്‍ തട്ടി ആശ്വസിപ്പിക്കുക തുടങ്ങിയ ശാരീരിക സ്നേഹ പ്രകടനങ്ങള്‍ ഒഴിവാക്കുക.

യാത്രകൾക്ക് ശേഷം തിരികെ വീട്ടിലെത്തുമ്പോള്‍ അടുത്തുള്ള പ്രാഥമികാരോഗ്യ സ്ഥാപനങ്ങളുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ഫോണില്‍ ബന്ധപ്പെടുക. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കൂടെ യാത്ര ചെയ്ത വാഹനത്തിലെ മറ്റു ജീവനക്കാരുമായും യാത്രക്കാരുമായും ഫോണില്‍ ബന്ധപ്പെടുക. അവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളുമായി ഫോണ്‍ വഴി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുക.

Story Highlights: Travel during Corona Period