എങ്ങനെ കൈയടിക്കാതിരിക്കും സുപ്രിയയുടെ നന്മ മനസ്സിന്; ഹൃദയം കൊണ്ടല്ലേ ചേര്‍ത്തുപിടിച്ചത്‌

July 9, 2020
Woman helps blind passenger viral girl in social media

സുപ്രിയ… വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമായ ഒരു പേരാണ്. പണ്ടെങ്ങോ കേട്ടിട്ടുള്ള മുത്തശ്ശിക്കഥയിലെ മാലാഖയില്ലേ, സ്‌നേഹനന്മയുടെ മാലാഖ. ഒരുപക്ഷെ ആ കഥകളിലെ മാലഖയ്ക്ക് സുപ്രിയയുടെ മുഖമായിരിക്കും. സുപ്രിയയുടെ കണ്ണുകളില്‍ കരുണയുടേയും സ്‌നേഹത്തിന്റെയും ആര്‍ദ്രതയാണ്, ദിവ്യതയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് സുപ്രിയ എന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍. ഒരുപക്ഷെ കേരളം കൊറോണക്കാലത്ത് കണ്ട ഏറ്റവും വലിയ നന്മയെന്നും സുപ്രിയയെ വിശേഷിപ്പിക്കാം. വഴിയറിയാതെ നിസ്സഹായകനായി നിന്ന അന്ധനായ മനുഷ്യനെ സുപ്രിയ ചേര്‍ത്തു പിടിച്ചത് കൈകള്‍ക്കൊണ്ടു മാത്രമല്ല. ഹൃദയം കൊണ്ടുകൂടിയാണ്.

വാര്‍ദ്ധക്യസഹജമായ പ്രയാസങ്ങള്‍ക്കൊപ്പം കണ്ണുകളിലെ ഇരുട്ടും അലട്ടിയിരുന്ന ആ ‘മുത്തച്ഛന്’ പ്രകാശമാകുകയായിരുന്നു സുപ്രിയ. വഴിയാറിയാതെ ബുദ്ധിമുട്ടിയപ്പോള്‍ സുപ്രിയ സഹായത്തിനായി ഓടിയെത്തി. സമീപത്തുകൂടി കടന്നുപോയെ കെഎസ്ആര്‍ടിസ് ബസിന്റെ പിന്നാലെ ഓടി കണ്ടക്ടറോട് കാര്യം അവതരിപ്പിച്ചു. തുടര്‍ന്നും വീണ്ടും ‘മുത്തച്ഛന്റെ’ അടുത്തെത്തി കൈകള്‍ ചേര്‍ത്തുപിടിച്ച് ബസിനരികിലേക്കെത്തി. കയറാന്‍ സഹായിച്ചു.

സമൂഹമാധ്യമങ്ങളില്‍ വളരെ വേഗമാണ് സുപ്രിയയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. കൊറോണക്കാലത്തും കാരുണ്യത്തോടെയുള്ള സുപ്രിയയുടെ പ്രവൃത്തിക്കും മനസ്സിന് നിറഞ്ഞ കൈയടിയാണ് സൈബര്‍ ഇടങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഏത് പ്രതിസന്ധികളേയും മറികടക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തോടെ അതിജീവനത്തിനായി കരുത്ത് പകരുകയാണ് സുപ്രിയ…