അമ്മയുടെ മീറ്റിങ്ങിന് മക്കളെ കൊണ്ടുവരുന്നതെന്തിനെന്ന ചോദ്യത്തിന് സുകുമാരൻ നൽകിയ മറുപടി കാലങ്ങൾക്ക് ശേഷം സത്യമായി- മനസുതുറന്ന് ബാലചന്ദ്ര മേനോൻ

August 2, 2020

മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും പിന്നാലെ മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരും സിനിമയിലേക്ക് എത്തി. മക്കളുടെ സിനിമാപ്രവേശത്തെകുറിച്ച് വളരെ മുൻപ് തന്നെ സുകുമാരന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് പറയുകയാണ് ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ. കാലങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം പങ്കുവെച്ചാണ് ബാലചന്ദ്ര മേനോൻ സുകുമാരന്റെ ദീർഘവീക്ഷണത്തേക്കുറിച്ച്‌ വാചാലനാകുന്നത്.

അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ മുണ്ടുടുത്താണ് സുകുമാരൻ വരാറുള്ളത്. ഒരിക്കൽ, മക്കളെയും ഒപ്പംകൂട്ടി. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെയെന്തിനാ അമ്മയുടെ മീറ്റിങ്ങിൽ കൊണ്ടുവന്ന’തെന്ന് ബാലചന്ദ്ര മേനോൻ അദ്ദേഹത്തോട് ചോദിച്ചു. ആ മറുപടി വർഷങ്ങൾക്ക് ശേഷം സത്യമാകുകയും ചെയ്‌തു. അന്ന് ബാലചന്ദ്ര മേനോന്റെ ചോദ്യത്തിന് സുകുമാരൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു;’ നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർസ്റ്റാറുകൾ വേണ്ടേ ആശാനേ നിങ്ങൾക്ക്..അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ..’. രണ്ടുപേരുടെയും സിനിമാ അരങ്ങേറ്റം കാണാൻ സുകുമാരന് സാധിച്ചില്ലെങ്കിലും മല്ലിക കൃത്യമായി തന്നെ ഇരുവരെയും ലോഞ്ച് ചെയ്‌തതായി ബാലചന്ദ്ര മേനോൻ പറയുന്നു.

Read More: ‘എന്റെ ഒരു സിനിമയിലും നിങ്ങൾക്ക് ഓണം കാണാൻ സാധിക്കില്ല’- രസകരമായ ‘അണ്ണാച്ചി’ ഓണ വിശേഷങ്ങളുമായി ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

സൈനിക സ്‌കൂളിൽ പഠിക്കുമ്പോൾ വിശിഷ്ടാതിഥിയായി എത്തിയ തന്റെ മുന്നിലേക്ക് പട്ടാള യൂണിഫോമിൽ വന്ന പൃഥ്വിരാജിനെക്കുറിച്ചും ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് സിനിമാ വിശേഷങ്ങളുമായി ബാലചന്ദ്ര മേനോൻ ”filmy FRIDAYS!”ൽ എത്തുന്നത്.

Story highlights-balacahndra menon about sukumaran