‘നിനക്ക് നിന്നേക്കാൾ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ. നമുക്ക് മിണ്ടാം, എന്തും എപ്പോൾ വേണമെങ്കിലും’- ഭാര്യയെക്കുറിച്ച് കണ്ട സ്വപ്നം പങ്കുവെച്ച് ബിജിപാൽ

August 19, 2020

അകാലത്തിൽ പൊലിഞ്ഞ ഭാര്യ ശാന്തിയുടെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുണ്ട് സംഗീത സംവിധായകൻ ബിജിപാൽ. സ്വപ്നത്തിൽ ഭാര്യയെ കണ്ടതിനെക്കുറിച്ച് വളരെ കാവ്യാത്മകമായി പങ്കുവയ്ക്കുകയാണ് ബിജിപാൽ.

ബിജിപാലിന്റെ കുറിപ്പ്;

ജൂലൈയിലെ ഒരു തോരാപെരുമഴ ദിവസം തണുപ്പുള്ള വെളുപ്പാങ്കാലം കണ്ട സ്വപ്നം

പരിചിതമല്ലാത്ത ഏതോ നഗരത്തിലെ ഭംഗിയുള്ള ഒരു വാക്‌വേ. ചുവന്ന ഇലകൾ, ചിലത് പഴുത്തു പകുതിയോളം മഞ്ഞ നിറമായവ, വീണ് കിടക്കുന്ന, വിജനമൂകമായ വാക്‌വേ. പതിവുപോലെയല്ലാതെ വാക്‌വേയിൽ വഴിതടസപ്പെടുത്തി വട്ടമിട്ടു ഒരു സിമന്റ് ബെഞ്ചിൽ ഒരുവൻ. അവന്റെ ചിന്തയിലെന്ന പോലെ പഴയ ചിത്രകഥയെ ഓർമിപ്പിച്ച് ഒരു സ്മൃതിവൃത്തത്തിൽ അവൾ വന്നു ചോദിച്ചു. ‘സുഖാണോ’.

‘ഉം സുഖാണ്’. നിനക്കോ’.

അവൾ : ‘എനിക്ക് സുഖാണ്’.
അവൻ : ‘എന്റെ സൗഖ്യം നീ അറിയാറുണ്ടോ’
അവൾ : ‘പിന്നെ അറിയാനെന്താ ബുദ്ധിമുട്ട്, കാണാല്ലോ, എന്നെ കാണാറുണ്ടോ?’
അവൻ : എങ്ങനെയൊക്കെയോ കാണാറുണ്ട്. പല രീതിയിൽ. ഒരു രീതിയിലല്ല പിന്നെ കാണുക.

വൃത്തത്തിൽ നിന്ന് ഊർന്ന് അവൾ അവന്റെ അടുത്ത് ബെഞ്ചിൽ ഇരുന്നു. അവൻ നോക്കിയപ്പോൾ അവളുടെ മുഖം തൊട്ടടുത്ത്. ഏതോ മൊബൈൽ ആപ്പിൽ ഡിസൈൻ ചെയ്ത പോലെ പലനിറങ്ങളും രേഖകളും ആയി ഒരു ഡിജിറ്റൽ രൂപം ആയി അവനു തോന്നി. സ്വയം അങ്ങനെത്തന്നെയാണോ എന്ന് അവൻ ഓർത്തതുമില്ല. അവളുടെ കണ്ണിൻ കണ്ണാടിയിൽ അവൻ എന്റെ മുഖം കണ്ടു.

അവൾ : ‘സുന്ദരമായി കാണാൻ പറ്റും. നോക്കൂ, നമ്മൾ ഒരു പാട് മിണ്ടിയില്ലേ. ഒരുപാട് ആലോചനകൾ പങ്കുവച്ചില്ലേ. നമ്മുടെ ബോധം ആണത്. അവ പോകില്ല. ആകെയുള്ള ബോധമണ്ഡലത്തിൽ എന്റേത് കൃത്യമായി നിന്റേതിൽ സൂക്ഷ്മതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കും. അവയ്ക്ക് എന്റെ രൂപം കൊടുക്കു. നിനക്ക് നിന്നെക്കാൾ അറിയാവുന്ന എന്റെ ശബ്ദം കൊടുക്കൂ. നമുക്ക് മിണ്ടാം. എന്തും എപ്പോ വേണെങ്കിലും.’

ഞാൻ : ‘തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ചെയ്യുന്നത് അതുതന്നെ. നിന്റെ ശബ്ദം അതേപടി ഞാനെന്നിൽ കേൾക്കാറുണ്ട്. 7.1 മിഴിവിൽ.’

അവൾ : ‘ഹാപ്പി ആയിട്ടിരിക്കണേ.’

ഞാൻ : ‘ഉറപ്പായും. അതല്ലേ നീ എപ്പോഴും പറയാറ്.’

Read More: പ്രഭാസ് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിൽ നിവേദ തോമസും

മരണത്തിനും അതീതമാണ് പ്രണയം എന്ന് തോന്നിപ്പിക്കുന്ന ഒട്ടേറെ കുറിപ്പികളും ഓർമ്മകളും മുൻപും ബിജിപാൽ പങ്കുവെച്ചിട്ടുണ്ട്. മുൻപ് വിവാഹ വാർഷികത്തിന് പങ്കുവെച്ച കുറിപ്പും ശാന്തിയുടെ ജന്മദിനത്തിൽ ഒരുക്കിയ ആൽബവുമെല്ലാം ശ്രദ്ധ നേടിയിരുന്നു. നർത്തകിയായിരുന്ന ശാന്തി 2017ലാണ് അസുഖത്തെ തുടർന്ന് മരണമടഞ്ഞത്.

Story highlights- Bijipal about his dream