പ്രഭാസ് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിൽ നിവേദ തോമസും

August 19, 2020

പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ ദീപിക പദുക്കോണിനൊപ്പം പ്രധാന വേഷത്തിൽ നിവേദ തോമസും. രജനികാന്ത് നായകനായെത്തിയ ദർബാർ എന്ന ചിത്രത്തിലാണ് നിവേദ ഒടുവിൽ വേഷമിട്ടത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രത്തിലും പ്രധാന സ്ത്രീ കഥാപാത്രമായാണ് നിവേദ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടന്നുവെങ്കിലും താര നിർണയം പുരോഗമിക്കുകയാണ്. അശ്വനി ദത്താണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഒരു സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. 2021 അവസാനത്തോടെയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സാങ്കല്പികമായ മൂന്നാം ലോക മഹായുദ്ധത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നതെന്നാണ് സൂചന.

വൈജയന്തി ക്രിയേഷന്‍സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം 300 കോടി രൂപ മുതല്‍മുടക്കിലൊരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ കൂടിയാണ്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.

സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നിവേദ മലയാള സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിൽ ജയറാമിന്റെയും ഗോപികയുടെയും മകളുടെ വേഷത്തിലെത്തിയ നിവേദ ഇന്ന് തെന്നിന്ത്യൻ സിനിമകളിലെ തിരക്കേറിയ നായികയാണ്.

Read More: സയന്‍സ് ഫിക്ഷനുമായി പ്രഭാസ്; നായികയായി ദീപിക പദുക്കോണ്‍

അതേസമയം, പ്രഭാസ് നായകനായി ഏറ്റവുമൊടുവിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ‘സഹോ’.  ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായെത്തിയത്. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്.

Story highlights- Nivetha thomas play crucial role in prabhas upcoming movie