‘ഈ ഓണസദ്യയ്ക്ക് രുചി കൂടും, പായസത്തിന് മധുരവും’- ജീത്തു ജോസഫിന്റെ കരുതലോണം

August 31, 2020

പ്രതിസന്ധി ഘട്ടത്തിലും വീടിനുള്ളിൽ തന്നെ ചെറിയ രീതിയിൽ ഓണാഘോഷങ്ങൾ നടത്തുകയാണ് മലയാളികൾ. സംവിധായകൻ ജീത്തു ജോസഫിന് ഈ ഓണം കൂടുതൽ സ്പെഷ്യലാണ്. റെഡിമെയ്‌ഡ്‌ സദ്യ ഒഴിവാക്കി മക്കളും ബന്ധുക്കളും ചേർന്നൊരുക്കിയ സദ്യയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജീത്തു ജോസഫ്. മക്കൾക്ക് ഓൺലൈൻ ക്ലാസ്സുള്ളതുകൊണ്ട് ഉത്രാടത്തിന് തന്നെ ജീത്തു ജോസഫ് കുടുംബ സമേതം ഓണമുണ്ടു.

ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഞങ്ങൾ മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിൻ്റെ ഓണം.( ഓൺലൈൻ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു.)മക്കളും അവരുടെ കസിൻസും (എൻ്റെ ചേട്ടന്മാരുടെ മക്കൾ) ചേർന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്.അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും. മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷം. എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ. ഓണം വീട്ടിൽ തന്നെ ആഘോഷിക്കുക. ഈ ഓണം കരുതലോണം.

ഇത്തവണ, സിനിമകളുടെ കാര്യത്തിലും ജീത്തുവിന് ഓണം സ്പെഷ്യലാണ്.  ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ദൃശ്യം എന്ന സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിചിരുന്നു. അടുത്തമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുകയാണ്. സെപ്റ്റംബർ 14ന് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ക്വാറന്റീൻ ചെയ്‌താണ്‌ ദൃശ്യം 2 ചിത്രീകരണം ആരംഭിക്കുന്നത്. അതിനോടൊപ്പം തന്നെ, മോഹൻല്ല നായകനാകുന്ന റാം എന്ന ചിത്രവും ജീത്തു ജോസഫിന് പൂർത്തിയാക്കാനുണ്ട്.