ചിങ്ങമാസത്തിൽ ‘വെയിൽ’ തെളിയും- ട്രെയ്‌ലർ പ്രഖ്യാപനവുമായി നിർമ്മാതാവ്

August 11, 2020

ചിത്രീകരണ വേളയിൽ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് ‘വെയിൽ’. ഷെയ്ൻ നിഗമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. ചിങ്ങം ഒന്നിന്(ആഗസ്റ്റ് 17) ന് ട്രെയ്‌ലർ എത്തുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

ജോബി ജോർജിന്റെ കുറിപ്പ്;

സ്നേഹിതരെ, നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാൽ ഏത് സാഹചര്യത്തെയും നമ്മൾ ഫേസ്‌ ചെയ്തേ പറ്റു.. ആയതിനാൽ നമ്മളുടെ സിനിമയുടെ ട്രെയ്‌ലർ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന്‌ കുളിർമയേകുന്ന ഒന്നായിരിക്കും.. കാത്തിരിക്കുക.

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഈമയൗ,അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് അസിസ്റ്റന്റായി പ്രവർത്തിച്ച താരമാണ് ശരത് മേനോൻ. ഷാസ് മുഹമ്മദ് ഛായാഗ്രഹണവും, എഡിറ്റിങ് പ്രവീൺ പ്രഭാകറുമാണ്. പാതിവഴിയിൽ ചിത്രീകരണം മുടങ്ങിയ സിനിമ ഏറെ ചർച്ചൾക്ക് ശേഷമാണ് വീണ്ടും ചിത്രീകരണം തുടർന്നത്. 

‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ താരം മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനായി മാറിക്കഴിഞ്ഞു. അനുരാഗ് മനോഹർ സംവിധാനം നിർവഹിച്ച ‘ഇഷ്‌കി’ലും ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുമ്പളങ്ങി നൈറ്റ്സിലും ശ്രദ്ധേയ കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിച്ചത്. അതേസമയം, ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’, ‘ഉല്ലാസം’, ‘വലിയ പെരുന്നാൾ’ എന്നിവ.

Story highlights-joby george announces veyil movie trailer release