‘ഞങ്ങൾ ധ്യാനത്തിന് പോയ ദിവസം’- ദൃശ്യം ഓർമ്മകൾ പങ്കുവെച്ച് മീന

August 2, 2020

മലയാള സിനിമയിൽ സിനിമയേക്കാൾ ഹിറ്റായ തീയതിയാണ് ഓഗസ്റ്റ് 2. ‘ദൃശ്യം’ സിനിമയിൽ ജോർജുകുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയ ദിവസം. കഴിഞ്ഞ ഏഴു വർഷമായി ഈ ദിനം സിനിമാ പ്രവർത്തകരെക്കാൾ ആവേശത്തോടെ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട് ആരാധകർ. ഇത്തവണയും ഓഗസ്റ്റ് 2 ട്രോളുകളിലും ചില ഓർമ്മകളിലൂടെ നിറഞ്ഞു. ചിത്രത്തിൽ നായികയായി അഭിനയിച്ച മീനയും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘ദൃശ്യ’ത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം എന്ന കുറിപ്പോടെയാണ് ‘ദൃശ്യം’ സിനിമയുടെ പോസ്റ്റർ നടി പങ്കുവച്ചിരിക്കുന്നത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഓഗസ്റ്റ് രണ്ടും രാജാക്കാട് പോലീസ് സ്റ്റേഷനും പാറേപ്പള്ളിയും ധ്യാനവുമെല്ലാം ഹിറ്റായി. മോഹൻലാലിൻറെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം.

Read More: ‘മണിയറയിലെ ആശോകന്’ വേണ്ടി ദുല്‍ഖര്‍ ആലപിച്ച ഗാനം ഏറ്റുപാടി അനുപമയും

അതേസമയം, ‘ദൃശ്യം’ റിലീസ് ചെയ്ത് ഏഴുവർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കി ‘റാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ വിദേശത്ത് ചിത്രീകരിക്കേണ്ട രംഗങ്ങൾ മുടങ്ങുകയായിരുന്നു.ഈ സമയത്താണ് ജീത്തു ‘ദൃശ്യം 2’ പ്രഖ്യാപിക്കുന്നത്. ‘റാം’ ഷൂട്ടിംഗ് നീളുമെന്നും കേരളത്തിൽ പൂർണമായും ചിത്രീകരിക്കാൻ സാധിക്കുന്ന ഒരു സിനിമ ചെയ്യുമെന്നും ‘ദൃശ്യം 2’ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ജീത്തു അറിയിച്ചിരുന്നു.

Story highlights-meena about drishyam