ബാബുരാജിന് മേക്കപ്പിട്ട് മോഹൻലാൽ; ‘മരക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിലെ കൗതുക ദൃശ്യം

August 23, 2020

ഒരാഴ്ചകൊണ്ട് വിവിധ ലുക്കുകളിൽ എത്തി അമ്പരപ്പിച്ചിരുന്നു മോഹൻലാൽ. ദൃശ്യത്തിലെ ജോർജുകുട്ടിയായും, രാവണനായുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന താരം, കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രവും ചർച്ചയായിരുന്നു. പ്രത്യേക രീതിയിലുള്ള കണ്ണടയും തൊപ്പിയുമൊക്കെയായി കൊട്ടാര സദൃശ്യമായ സെറ്റിൽ നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്. ‘ബറോസ്’ എന്ന ചിത്രത്തിലെ ലുക്കാണെന്ന രീതിയിൽ ആരാധകർ സ്വീകരിച്ച ചിത്രം ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലെ ലുക്കാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാബുരാജ്.

മരക്കാർ. അറബിക്കടലിന്റെ സിംഹ ത്തിൽ ബാബുരാജിന് മോഹൻലാൽ മേക്കപ്പ് ചെയ്യുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച ചിത്രത്തിലെ ലൊക്കേഷനും അദ്ദേഹത്തിന്റെ ലുക്കും ഈ ചിത്രത്തിലും കണ്ടതോടെയാണ് മരക്കാർ ഷൂട്ടിംഗ് സെറ്റാണെന്ന് വ്യക്തമായത്.

ഫൈനൽ ടച്ച് ഫ്രം ലാലേട്ടൻ എന്ന കുറിപ്പിനൊപ്പമാണ് ബാബുരാജ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ മേക്കപ്പ്മാൻ പട്ടണം റഷീദും മോഹൻലാലിനൊപ്പമുണ്ട്. മാർച്ച് 26ന് തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മറ്റു ചിത്രങ്ങൾ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നുണ്ടെങ്കിലും മരക്കാർ അടുത്ത മാർച്ചിൽ തിയേറ്ററിൽ പ്രദർശിപ്പിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Read More: ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരിൽ ആറാം സ്ഥാനം സ്വന്തമാക്കി ദുൽഖർ സൽമാൻ

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Story highlights- mohanlal putting makeup for baburaj