ഈ കൊറോണക്കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും രക്ത ബാങ്കിനുമുന്നിൽ നീണ്ട ക്യൂ, ഇതാണ് കരുതൽ: ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

August 8, 2020

ഇന്നലെ രാത്രി അപ്രതീക്ഷിതമായാണ് കരിപ്പൂർ വിമാനത്താവളം വലിയൊരു വിമാനദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. ഏകദേശം 19 പേർ മരണത്തിന് കീഴടങ്ങിയ വിമാനദുരന്തത്തിൽ, അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി നിരവധിപ്പേരാണ് എത്തിയത്. വിമാനദുരന്തത്തിൽ പരിക്കേറ്റവരെ രാത്രി തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവർക്ക് രക്തം ആവശ്യമായ സാഹചര്യത്തിൽ കൊറോണയും മഴയും വകവയ്ക്കാതെ നിരവധിപ്പേരാണ് ആശുപത്രിയിലേക്ക് ഓടിയെത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് രക്തം ആവശ്യമുള്ളതായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വാർത്തകൾ വലിയ വേഗത്തിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതോടെ രക്തം ദാനം ചെയ്യാൻ നിരവധി പേർ ആശുപത്രിയ്ക്ക് മുന്നിലെത്തി. ഈ സാഹചര്യത്തിൽ നീണ്ട ക്യൂ നിൽക്കുന്ന ആളുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കോഴിക്കോട് മെഡിക്കൽ കോളേജിൽ
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്….

ഇതാണ് കരുതൽ…

Read also: കരിപ്പൂർ വിമാനദുരന്തം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി: മുഖ്യമന്ത്രി

ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ അപകടം സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധിപ്പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Story Highlights:que infront of kozhikode blood bank shares Kunjacko Boban