പ്രയാസമേറിയ ഫിസിക്‌സ് സമവാക്യം എളുപ്പത്തിൽ പൂർത്തിയാക്കുന്ന സുശാന്ത്- അമ്പരപ്പും ദുഃഖവും സമ്മാനിച്ച് വീഡിയോ

August 13, 2020

സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. സുശാന്തിന്റെ ഓർമ്മകൾ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ പങ്കുവയ്ക്കുകയാണ്. ഫിസിക്‌സിൽ അസാമാന്യ വൈഭവവും താൽപര്യവുമുണ്ടായിരുന്ന സുശാന്ത് ഒരു കടുപ്പമേറിയ സമവാക്യം പൂർത്തിയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

ഒരേസമയം അമ്പരപ്പും, ദുഃഖവും സമ്മാനിക്കുന്ന വീഡിയോ സുശാന്തിന്റെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഫിസിക്‌സ് സമവാക്യം പൂർത്തിയാക്കാൻ സുഹൃത്തിനെ സഹായിക്കുകയാണ് വീഡിയോയിൽ സുശാന്ത്. സുശാന്തിന്റെ സഹായത്തോടെയാണ് ആ സമവാക്യം സുഹൃത്ത് പൂർത്തിയാക്കുന്നത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിഭ ആരും കണ്ടില്ലെന്നാണ് ആരാധകർ വീഡിയോക്ക് നൽകുന്ന പ്രതികരണം.

 മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പൂർത്തിയാക്കിയ സുശാന്ത് ഭൗതികശാസ്ത്രത്തിലെ ഒരു ദേശീയ ഒളിമ്പ്യാഡ് ജേതാവായിരുന്നു. അഭിനയത്തിന് പുറമെ യുവ വിദ്യാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു.ചന്ദ്രനിൽ സ്ഥലം വാങ്ങിയ നടനെന്ന പേരിലും സുശാന്ത് അറിയപ്പെട്ടിരുന്നു.

Read More: ഇതായിരുന്നു സുശാന്ത് സിങ് രജ്പുത് ക്യാമറയ്ക്ക് മുന്നിലെത്തിയ ആദ്യ രംഗം: വീഡിയോ

കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് രാജ്പുത് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ രംഗം ശ്രദ്ധ നേടിയിരുന്നു. സുശാന്ത് സിംഗിനെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആദ്യ ക്യാമറാ രംഗം നിര്‍മാതാവായ ഏക്താ കപൂറാണ് പങ്കുവെച്ചത്. ലോക്ക് ഡൗൺ സമയത്ത് ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്.