ഇത് ആസ്ബെസ്റ്റോസ്; പേരിലെ ചീത്തപ്പേര് മാറ്റാൻ ഒരുങ്ങി ഒരു നഗരം

September 19, 2020

പേരുകളിൽ കൗതുകം ഒളിപ്പിക്കുന്ന നിരവധി സ്ഥലങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരിടമാണ് കാനഡയിലെ ക്യൂബെക്കിലുള്ള ആസ്ബെസ്റ്റോസ് പട്ടണം. പേരിൽ കൗതുകം ഒളിപ്പിച്ചിരിക്കുന്ന ഈ നഗരം അർബുദത്തിനിടയാക്കുന്ന ധാതുക്കളുടെ ഖനനത്തിൽ കുപ്രസിദ്ധി ആർജിച്ച ഇടമാണ്. എന്നാൽ ഇവിടുത്തെ ഖനനം നിർത്തിയതോടെ സ്ഥലത്തിന്റെ പേര് മാറ്റാൻ ഒരുങ്ങുകയാണ് ഇവിടുത്തുകാർ.

ഇതിന്റെ ഭാഗമായി ഒക്ടോബറിൽ വോട്ടെടുപ്പും വെച്ചിട്ടുണ്ട് ഇവിടുത്തുകാർ. ആസ്ബെസ്റ്റോസ് എന്ന പേരിന് പകരമായി ആയിരക്കണക്കിന് പേരുകൾ നിർദ്ദേശങ്ങളിൽ വന്നെങ്കിലും അവസാന ഘട്ടത്തിൽ നാല് പേരുകളാണ് ഉയർന്നിരിക്കുന്നത്. ഫീനിക്സ്, അപ്പലോൻ, ട്രോയിസ് ലാക്സ്, ജെഫ്രി എന്നിവയാണ് അന്തിമ ഘട്ടത്തിൽ നിർദ്ദേശിക്കപ്പെട്ട പേരുകൾ. അതേസമയം അവസാന റൗണ്ടിൽ എത്തിയ ഈ നാല് പേരുകൾക്കും മറ്റ് അർഥങ്ങൾ ഉള്ളവയാണ്.

ഉയർത്തെഴുന്നേൽപ്പ് എന്നർത്ഥം വരുന്ന ഫീനിക്സ് പക്ഷിയുടെ പേരും, വടക്കേ അമേരിക്കയിൽ നിന്നുള്ള കടലാമ വർഗത്തെ സൂചിപ്പിക്കുന്ന അപ്പലോൻ എന്ന പേരും, ആസ്ബെസ്റ്റോസ് നഗരത്തിന്റെ സമീപ പ്രദേശത്ത് ഉള്ള ട്രോയിസ് ലാക്സ് എന്ന നാമവും മാരക വസ്തുക്കൾ ഖനനം ചെയ്തുകൊണ്ടിരുന്നതും പിന്നീടത് നിർത്തിയതുമായ ജെഫ്രി ഖനിയുടെ പേരുമാണ് ഇവിടെ പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്ന നാല് പേരുകൾ.

ഒക്ടോബർ പതിനാലിനും പതിനെട്ടിനും ഇടയിലാണ് പുതിയ പേരിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 14 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇതിൽ വോട്ട് ചെയ്യാൻ അവസരം.

Story Highlights: asbestos town wants a new name