കാൻസർ രോഗവും ചില തെറ്റിദ്ധാരണകളും

September 6, 2020

മനുഷ്യൻ ഏറ്റവും ഭയത്തോടെ  നോക്കിക്കാണുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. ചെറിയ കുട്ടികളെ മുതൽ മുതിർന്ന ആളുകളെ വരെ കാർന്നു തിന്നുന്ന ഈ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഈ അസുഖം തിരിച്ചറിയാൻ വൈകിയാൽ ഇത് ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും കാർന്നുതിന്നും. ചിലപ്പോൾ ഇത് തലച്ചോറിലേക്കും അസ്ഥിയിലേക്കും വരെ ബാധിച്ചേക്കാം. എന്നാൽ കാൻസറിനെപ്പറ്റി നിരവധി അബദ്ധ ധാരണകളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കപ്പെടുന്നുണ്ട്.

കാൻസർ രോഗത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ:

കാൻസർ രോഗത്തെക്കുറിച്ചുള്ള ചില അബദ്ധധാരണകളാണ് കാൻസർ പകരും, ബയോപ്സി ചെയ്താൽ കാൻസർ രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്, കാൻസർ രോഗികൾ പഞ്ചസാര, മൈദ, പാൽ എന്നിവ കഴിക്കാൻ പാടില്ല എന്നുള്ളതെല്ലാം. കാൻസർ വന്നാൽ മരണം ഉറപ്പാണ് എന്നുള്ള ചില തെറ്റായ ധാരണകളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരക്കാറുണ്ട്. എന്നാൽ മികച്ച ചികിത്സ ഉറപ്പ് വരുത്തിയാൽ കാൻസർ രോഗത്തെ പൂർണ്ണമായും തന്നെ ഇല്ലാതാക്കാൻ സാധിക്കും.

കാൻസർ പടരുന്നത് എങ്ങനെ..?

ശരീരത്തിൽ സാധാരണയായി കാണപ്പെടാറുള്ള കോശങ്ങൾ മിക്കപ്പോഴും പരസ്പരം ചേർന്നാണ് കാണപ്പെടുന്നത്. എന്നാൽ കാൻസർ ബാധിച്ച കോശങ്ങൾ മറ്റു കോശങ്ങളെപോലെ ഒട്ടിച്ചേർന്ന് നിൽക്കാറില്ല. ഇവ ലൂസായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവ എളുപ്പത്തിൽ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യത കൂടുതലാണ്. മെഡിക്കൽ ടെർമ്സിൽ ഇതിനെ മെറ്റസ്റ്റെസൈസ് എന്നാണ് പറയുന്നത്. പ്രധാനമായും മൂന്ന് രീതിയിലൂടെയാണ് കാൻസർ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത്.

കാൻസർ ബാധിച്ചത് ഏത് ഭാഗത്താണോ, അവിടെ നിന്നും കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് പടരാൻ സാധ്യത ഏറെയാണ്. അതുപോലെ രക്തത്തിലൂടെയും കാൻസർ കോശങ്ങൾ പടരാൻ സാധ്യതയുണ്ട്. രക്തത്തിലൂടെ കോശങ്ങൾ ശരീരത്തിന്റെ ഏത് ഭാഗങ്ങൾ വരെ വേണമെങ്കിലും എത്തപ്പെടാം. രക്തക്കുഴലുകൾ പോകുന്ന ഏത് അവയവങ്ങളിലേക്ക് വേണമെങ്കിലും കാൻസർ കോശങ്ങൾ എത്താൻ സാധ്യതയുണ്ട്.

Read also: ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; ‘ചന്ദ്രലേഖ’യുടെ ഓർമ്മകളിൽ

കാൻസർ കോശങ്ങൾ പടരുന്നതിന് സാധ്യതയുള്ള മറ്റൊരു എളുപ്പമാർഗമാണ് ലിംഫ് വ്യവസ്ഥ. കോശങ്ങൾക്ക് ഇടയിലൂടെ ഒഴുകുന്ന നേർത്ത ദ്രാവകമാണ് ടിഷ്യൂ ഫ്ലൂയിഡ് അഥവാ ലിംഫ്. രോഗാണുക്കളെയും മറ്റും നിർവീര്യമാക്കാൻ രക്തത്തിൽ ഉണ്ടാകുന്ന ലിംഫ് സഹായിക്കും. ഈ ഫ്ലൂയിഡ്  ലിംഫ് കുഴലുകളിലൂടെ ഒഴുകി രക്തത്തിലേക്ക് എത്തും. കാൻസർ കോശങ്ങൾ ലിംഫിലൂടെ ഒഴുകി കഴലകളിലും മറ്റ് അവയവങ്ങളിലേക്കും എത്തും. ഇങ്ങനെ അസുഖം മറ്റ് ഭാഗങ്ങളിലേക്കും പടരാൻ സാധ്യത കൂടുതലാണ്.

Story Highlights:avoid misconceptions about cancer