‘ഈ അവസരം നഷ്ടമാക്കിയാൽ ഇനിയെപ്പോഴെങ്കിലും ഒന്നിച്ച് അഭിനയിക്കാൻ സാധിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു’ – ആചാര്യയിൽ രാം ചരൺ വേഷമിടുന്നതിനെക്കുറിച്ച് ചിരഞ്ജീവി

September 24, 2020

‘സെയ് രാ നരസിംഹ റെഡ്ഡി’ക്ക് ശേഷം നിരവധി ചിത്രങ്ങളാണ് ചിരഞ്ജീവി നായകനായി ഒരുങ്ങുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയിലാണ് ഇപ്പോൾ ചിരഞ്ജീവി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒരു അഭിമുഖത്തിലാണ് ആചാര്യയിൽ രാം ചരണും ഭാഗമാകുന്നതായി ചിരഞ്ജീവി വ്യക്തമാക്കിയത്.
‘എന്റെ ഭാര്യ സുരേഖ എപ്പോഴും ഞങ്ങളെ ഇരുവരെയും ഒന്നിച്ച് സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.ഈ അവസരം നഷ്ടമാക്കിയാൽ ഇനിയെപ്പോഴെങ്കിലും ഒന്നിച്ച് അഭിനയിക്കാൻ സാധിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് രാജമൗലിയുമായി ഞാൻ സംസാരിക്കുകയും ഇത് എനിക്ക് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കുകയും ചെയ്തു’. രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ എന്ന ചിത്രത്തിൽ നിന്നും ഇടവേളയെടുത്താണ് രാം ചരൺ അച്ഛൻ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ എത്തിയത്.

അതേസമയം, മോഹൻലാൽ നായകനായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിയാണ് വേഷമിടുന്നത്. എന്തായാലും ദസറയ്ക്ക് ശേഷം ആചാര്യയുടെ ചിത്രീകരണത്തിൽ ചിരഞ്ജീവിയും രാം ചരണും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- chiranjeevi about ram charan’s role in acharya