യാത്രക്കാരനായി ഓട്ടോറിക്ഷയിൽ, പിന്നീട് പാട്ടും, അഡ്വാൻസും; ഇമ്രാൻ ഖാന് സർപ്രൈസ് ഒരുക്കി ഗോപി സുന്ദർ

September 23, 2020

മനോഹരമായ പാട്ടുകൾ ഒരുക്കി മാത്രമല്ല, സ്നേഹം കൊണ്ടും ഞെട്ടിക്കാറുണ്ട് സംഗീത സംവിധായകനായ ഗോപി സുന്ദർ. അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. പാട്ടുകാരനായ ഇമ്രാന് ഖാന് നൽകിയ വാഗ്‌ദാനം പാലിക്കാൻ എത്തിയാണ് ഗോപി സുന്ദറാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുകയാണ് പാട്ട് കാരനായ ഇമ്രാൻ ഖാൻ. ഓട്ടോ ഓടിക്കുന്നതിനിടെ തന്റെ വണ്ടിയിൽ കയറിയ യാത്രക്കാരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇമ്രാൻ ഖാൻ.

റിയാലിറ്റി ഷോ വേദിയിലൂടെ പ്രശസ്തനായ ​ഗായകനാണ് ഇമ്രാൻ ഖാൻ. അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ അതിഥി ആയി എത്തിയപ്പോൾ ഇമ്രാൻ തന്റെ പാട്ടിനോടുള്ള സ്നേഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അന്ന് ജഡ്ജിങ്ങ് പാനലിലുണ്ടായിരുന്ന സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വാഗ്ദാനം നിറവേറ്റാൻ ഇമ്രാൻ ഖാനെ അന്വേഷിച്ച് എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. സർപ്രൈസ് ആയാണ് ​ഗോപി സുന്ദർ ഇമ്രാൻ ഖാനെ തന്റെ പാട്ടിലേക്ക് ക്ഷണിച്ചത്.

മാസ്ക് ധരിച്ച് യാത്രികനായി ഇമ്രാന്റെ ഓട്ടോയിൽ കയറിയ ​ഗോപി സുന്ദർ ഇടയ്ക്ക് ചായ കുടിക്കാനായി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അതിനിടെ നടത്തിയ സൗഹൃദ സംഭാഷണങ്ങൾക്കിടെയാണ് താൻ ഗോപി സുന്ദർ ആണെന്ന് അദ്ദേഹം ഇമ്രാന് മുൻപിൽ വെളിപ്പെടുത്തിയത്. തന്റെ മുന്നിൽ നില്കുന്ന ആളെക്കണ്ട് ഞെട്ടിയ ഇമ്രാന് മുൻപിലേക്ക് ആദ്യ പാട്ടിന്റെ അഡ്വാൻസും നൽകിയാണ് ഗോപി സുന്ദർ ഇമ്രാനെ അത്ഭുതപ്പെടുത്തിയത്. ഗോപി സുന്ദർ തന്നെയാണ് ഈ സർപ്രൈസ് വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

Story Highlights: Gopi Sundar surprises imran khan