‘എന്റെ മാതാപിതാക്കളെ പോലെ എനിക്കെന്തും അതിജീവിക്കാൻ സാധിക്കുമെന്ന് വിശ്വസിച്ചതിന് നന്ദി’- ലോസ് ഏഞ്ചൽസിലെ ആറാം വാർഷികത്തിൽ ഡോക്ടർമാർക്ക് നന്ദിയറിയിച്ച് മംമ്ത

September 8, 2020

ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും താരം പങ്കുവെച്ചിരുന്നു. ആറുവർഷങ്ങൾക്ക് മുൻപ് ലോസ് ഏഞ്ചൽസിലേക്ക് ചേക്കേറിയ മംമ്ത ഷൂട്ടിങ്ങിനായി മാത്രമാണ് നാട്ടിലേക്ക് എത്താറുള്ളത്. ആറുവർഷം കൊണ്ട് ലോസ് ഏഞ്ചൽസ് മംമ്തയ്ക്ക് മറ്റൊരു വീടായി മാറിക്കഴിഞ്ഞു. ഈ കാലമത്രയും കൂടെ നിന്ന ഡോക്ടർമാർക്ക് നന്ദി അറിയിക്കുകയാണ് താരം.

തന്നെ ചികിത്സിച്ച രണ്ട് ഡോക്ടർമാരുടെ ഫോട്ടോകൾക്കൊപ്പം വളരെ വൈകാരികമായ ഒരു കുറിപ്പാണ് മംമ്ത അന്യനാട്ടിലെ ആറാം വാർഷികത്തിൽ പങ്കുവെച്ചത്.’പരിചിതമായ ഒരു വീടിന്റെ സുഖസൗകര്യത്തിൽ നിന്ന് തികച്ചും അപരിചിതമായ ഒരു വീട്ടിലേക്കുള്ള പൂർണ്ണമായും ആസൂത്രിതമല്ലാത്ത ലോസ് ഏഞ്ചൽസിലേക്കുള്ള യാത്ര 6 വർഷം പൂർത്തിയാക്കുന്നു. എന്നെ ഒരിക്കലും കൈവിടാതിരിക്കുകയും എന്റെ മാതാപിതാക്കളെ പോലെ തന്നെ എനിക്കെന്തും അതിജീവിക്കാൻ സാധിക്കുമെന്ന് വിശ്വസിച്ചതിനും എന്റെ ആദ്യ ഓങ്കോളജിസ്റ് അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എസ്. ജി. രമണൻ, ഡോ. ടിമ്മർമാൻ എന്നിവർക്ക് നന്ദി അറിയിക്കുന്നു.’ മംമ്‌തയുടെ വാക്കുകൾ.

ലോക്ക് ഡൗൺ സമയത്ത് പൂർണമായും കൊച്ചിയിൽ മാതാപിതാക്കൾക്കൊപ്പമാണ് താരം ചിലവഴിച്ചത്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി നിരവധി സംസ്ഥാന സർക്കാർ ബോധവത്കരണ കാമ്പെയ്‌നുകളിൽ നടി പങ്കെടുത്തിരുന്നു. ജൂണിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി പോയ വിമാനത്തിൽ മംമ്ത ലോസ് ഏഞ്ചൽസിലേക്ക് മടങ്ങി. ഫിറ്റ്നസ്സ്പ്രേമിയായ താരം നിരവധി വർക്ക്ഔട്ട് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

Read More: ദീപിക പദുക്കോണിന്റെ ‘ചെന്നൈ എക്സ്പ്രസ്സ്’ ലുക്ക് പരീക്ഷിച്ച് സാനിയ ഇയ്യപ്പൻ- മനംകവരും ചിത്രങ്ങൾ

കാൻസർ അതിജീവനത്തെക്കുറിച്ച് മികച്ച ബോധവൽക്കരണങ്ങൾ മംമ്ത നൽകാറുണ്ട്. രണ്ടുതവണ കാൻസറിനെ അതിജീവിച്ച നടി, വൈദ്യശാസ്ത്രത്തേക്കാൾ കൂടുതൽ മാനസികാവസ്ഥയ്ക്കാണ് രോഗത്തിൽ സ്വാധീനം ചെലുത്താൻ കഴിയുക എന്നും നിങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്നും ചിന്തിക്കുന്നുവെന്നും തിരഞ്ഞെടുക്കുന്നതിലൂടെ കാൻസറിനെ മറികടക്കാൻ കഴിയും എന്നും പറയുന്നു.

Story highlights- mamtha mohandas about 6 years in Los Angeles