മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’ വരുന്നു

September 13, 2020

മഞ്ജു വാര്യർക്കൊപ്പം സൗബിൻ ഷാഹിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരുങ്ങുന്നു. പരസ്യമേഖലയിൽ സജീവമായ മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രസകരമായ കാരിക്കേച്ചർ പോസ്റ്ററിലൂടെ മഞ്ജു വാര്യരാണ് ചിത്രം പ്രഖ്യാപിച്ചത്. വെള്ളരിക്കാ പട്ടണം എന്നാണ് ചിത്രത്തിന്റെ പേര്.

മഹേഷ് വെട്ടിയാറിനൊപ്പം ശരത്ത് കൃഷ്ണ രചന നിർവ്വഹിക്കുന്ന ചിത്രം നിർമിക്കുന്നത് ഫുൾഓൺ സ്റുഡിയോസാണ്. ജയേഷ് നായരാണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടതിരിയും അർജു ബെന്നുമാണ് എഡിറ്റിങ്ങ്. സംഗീതം സച്ചിൻ ശങ്കർ മന്നത്തും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്.

Read More: ‘കാണുന്നില്ല, കേൾക്കുന്നില്ല; പക്ഷെ എപ്പോഴും അടുത്ത് തന്നെയുണ്ട്’- ഗായിക സ്വർണ്ണലതയുടെ ഓർമ്മകളിൽ കെ എസ് ചിത്ര

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവൻകോഴിയാണ് മഞ്ജു വാര്യർ നായികയായി അവസാനമായി തിയേറ്ററുകളിൽ എത്തിയത്. അതേസമയം, നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യർ നായികയായി അണിയറയിൽ പുരോഗമിക്കുന്നത്. കയറ്റം, ലളിതം സുന്ദരം, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. മഞ്ജു വാര്യർക്കൊപ്പം ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിലും സൗബിൻ വേഷമിടുന്നുണ്ട്. ജൂതൻ, കള്ളൻ തുടങ്ങിയ ചിത്രങ്ങളാണ് സൗബിന്റെതായി ഒരുങ്ങുന്നത്.

Story highlights- manju warrier and soubin shahir to stars in vellarikka pattanam