‘മറിയം തുടങ്ങിവെച്ചത് മറിയംതന്നെ തീര്‍ക്കുന്നു’; പൊറിഞ്ചുമറിയംജോസിന്റെ ക്ലൈമാക്‌സ് ഇങ്ങനെയായാല്‍

September 4, 2020
Porinjumairamjose new climax post viral

ചില സിനിമ പ്രേക്ഷകനിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടാലും മനസ്സുകളില്‍ നിന്നും കുടിയിറങ്ങാറില്ല. അത്തരത്തിലൊന്നായിരുന്നു ജോഷി സംവിധാനം നിര്‍വഹിച്ച പൊറിഞ്ചുമറിയംജോസ് എന്ന ചിത്രവും. ജോജു ജോര്‍ജും ചെമ്പന്‍ വിനോദും നൈല ഉഷയുമെല്ലാം തകര്‍ത്താടിയ ചിത്രം മികച്ച സ്വീകാര്യത നേടി. 2019 ഓഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. സമൂഹമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് പൊറിഞ്ചുമറിയംജോസ്. ചിത്രത്തിന് വേറിട്ട ഒരു ക്ലൈമാക്‌സ് അവതരിപ്പിച്ചിരിക്കുകയാണ് അനസ് റഹീം എന്ന പ്രേക്ഷകന്‍. മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം അടക്കമുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ തയാറാക്കിയ ക്ലൈമാക്‌സും മുമ്പ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ആ ക്ലൈമാക്‌സ് ഇങ്ങനെ

ഇതിനൊരു ക്ളീഷേ ക്ലൈമാക്‌സ് റീ ഷൂട്ട്-

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമ 1985 കാലഘട്ടത്തില്‍ ഇന്ന് പറിച്ചു നടാന്‍ പറ്റിയ ഒരേ ഒരു സംവിധായകന്‍ ജോഷി സാര്‍ മാത്രമാണ് അന്നത്തെ കെട്ടിടങ്ങളും ചുവരെഴുത്തും വേഷവിധാനങ്ങളും അന്നിറങ്ങിയ സിനിമപാട്ടുകള്‍ വരെ അത്ര ഡീറ്റൈലിങ് ആണ്. കാരണം അന്ന് മുതല്‍ കളത്തില്‍ ഇറങ്ങിയ സിംഹമുഖം അല്ലെ ആശാന്‍… ചതിക്കും എന്ന് തമാശയ്ക്ക് പറയും എന്നല്ലാതെ പുള്ളി അങ്ങനെ ചതിക്കില്ല ആശാനെ.

ഇന്നില്‍ നിന്ന് മാറ്റി ഇന്നലെ കഥ പറയാന്‍ തെരഞ്ഞെടുത്തത് ചിലപ്പോള്‍ ചില ക്ളീഷേ ഒഴിവാക്കാന്‍ വേണ്ടിയാകാം.പക്ഷേ ക്ലൈമാക്‌സ് ദുരന്തപര്യവസായി ആക്കുന്ന അന്നത്തെ ക്ളീഷേ ക്ലൈമാക്‌സ് അത് ഒരിക്കലും കളഞ്ഞിട്ടില്ല. അന്നത്തെ പല സിനിമകളും അങ്ങനെ ആയത് കൊണ്ടാണ് അതൊക്കെ ഇന്നും മനസ്സില്‍ കിടന്നു നീറുന്നത്. ഇതിന്റെ അവസ്ഥയും അത് തന്നെ… എങ്കിലും ഇതിന്റെ ക്ലൈമാക്‌സ് ഇങ്ങനെ ആക്കാമായിരുന്നു. (എന്റെ തലതിരിഞ്ഞ ഭാവന)

പൊറിഞ്ചു മരിച്ചു. കിടക്കുന്നു. ചുറ്റും ജനക്കൂട്ടം. കഥയില്‍ ജോസ് മരിക്കുമ്പോള്‍ മഴ ആണല്ലോ അപ്പോള്‍ അത് ഇവിടെ യും കിടന്നോട്ടെ..ഹൈ ആംഗിള്‍ ഷോട്ടില്‍ ഇടിവെട്ടി മഴ.
അടുത്ത സീന്‍… ഐപ്പിന്റെ വീടിന്റെ മുന്‍വശം. -തന്റെ വിശ്വസ്തനെ ചതിച്ചു എന്ന് ചിന്തയും രക്ഷപെട്ടതിന്റെ അവിശ്വസനീയതയും ആ മുഖത്തുണ്ട്.അയാള്‍ താന്‍ എന്നും മദ്യപിക്കാന്‍ ഇരിക്കാറുള്ള കസേരയില്‍ വന്നു തളര്‍ന്നിരിക്കുന്നു.

ഐപ്പ് ന്റെ മക്കള്‍ സന്തോഷത്തോടെ ഓടി വന്നു. അപ്പാ… ഇപ്പോഴാണ് അപ്പന്‍ ഒരു നല്ല കാര്യം ചെയ്തത്.
അല്ലെങ്കില്‍ ഞങ്ങളുടെ കൈ കൊണ്ട് ആ പന്നി തീര്‍ന്നേനെ.. അപ്പന്റെ കാലം കഴിഞ്ഞ അങ്ങ് തീര്‍ക്കാം എന്ന് വിചാരിച്ചതാ…അല്ലെങ്കില്‍ കടപ്പാടിന്റെ പേരും പറഞ്ഞു. (ഇത്രയും പറഞ്ഞു തീര്‍ന്നതും മുഖം അടച്ചു ഒരു അടി -മക്കളെയോ ചെറുമകനെയോ എത്ര പ്രകോപനം ഉണ്ടായിട്ടും തല്ലിയിട്ടില്ലാത്ത ഐപ്പ്)

ഞെട്ടലോടെ മക്കള്‍. ഇത് വരെ കാണാത്ത ഒരു ഭാവം ഐപ്പിന്റെ മുഖത്ത്. എന്റെ കാലം കഴിയുന്നതിനു മുന്‍പ് നീയൊക്കെ ജീവിക്കും എന്നതിന് എന്താടാ ഒരു ഉറപ്പ് (മക്കളോടുള്ള സംരക്ഷണവും എന്നാല്‍ മക്കളെക്കാള്‍ തന്നെ വിശ്വസിച്ച സ്‌നേഹിച്ച പൊറിഞ്ചുവിനോട് കാണിച്ച ചതിയും മുഖഭാവങ്ങളില്‍ ഒരേ സമയം)

മക്കള്‍ -അപ്പാ…
ഐപ്പ് – കടന്നു പോടാ കഴുവേറികളെ.
മക്കള്‍ പോകുന്നു.മഴ തിമിര്‍ക്കുന്നു.മദ്യക്കുപ്പി ഒന്നോടെ വായില്‍ ഒഴിച്ച് കുടിക്കുന്ന ഐപ്പ് (സാധാരണ അയാള്‍ ഗ്ലാസില്‍ ഒഴിച്ച് കുടിക്കുകയാണ് പതിവ്)

കസേരയില്‍ തളര്‍ന്നിരിക്കുന്ന ഐപ്പിന്റെ മുന്നില്‍ കുടയും പിടിച്ചു മറിയം എത്തുന്നു.
ഐപ്പ് എഴുന്നേറ്റു. (നല്ല പരിഭ്രമം ഉണ്ട്) മറിയം കത്തിക്കാളുന്ന തീക്ഷ്ണത നിറഞ്ഞ കണ്ണുകളോടെ.

മറിയം കുട അടച്ചു പെരുമഴ നനയുന്നു. പരിഭ്രമത്തോടെ നില്‍ക്കുന്ന ഐപ്പിനെ മടക്കി വെച്ച കുടയില്‍ നിന്നും വാളൂരി ഒരു കുത്ത് കുത്തുന്നു.
മാസ്സ് ബിജിഎം
ഐപ്പ് കുത്തേറ്റു പിടഞ്ഞു വീഴാന്‍ ശ്രമിക്കുന്നു.

മറിയം ആരോടെന്നില്ലാതെ ഐപ്പിനോട് പറയുന്നു- ഞാന്‍ അവനോട് പറഞ്ഞതാ. ചാവാതെ നോക്കണമെന്ന്.
(നേരത്തെ കേട്ട ബിജിഎം) പക്ഷേ അതിന് നീ സമ്മതിക്കില്ലെന്ന് വെച്ചാല്‍.. മറിയം ഐപ്പിന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി വീഴ്ത്തി വീണ്ടും കുത്തുന്നു.

മറിയം- പൊറിഞ്ചുവിന് നീന്നോട് ക്ഷമിക്കാന്‍ പറ്റുമായിരിക്കും.
പക്ഷേ എനിക്ക് അതിനാവില്ല ..ഞാന്‍ അങ്ങനെ ചെയ്താല്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ അവനോട് ചെയ്ത നിസ്സാരമായ ദ്രോഹം ആയിപ്പോകും അത്. അത് കൊണ്ട് നീ ചാവടാ പട്ടി

ലാസ്റ്റ് കുത്ത് ഐപ്പ് പിടഞ്ഞു മരിക്കുന്നത് നോക്കി നില്‍ക്കുന്ന മറിയം.. കണ്ണുകളില്‍ നിഗൂഢമായ ആനന്ദം. പെരുന്നാള്‍ കൂടിയ മുഴുവന്‍ ജനവും.. ഗേറ്റിന് പുറത്ത്. സ്ലോ മോഷനില്‍ വാളും പിടിച്ചു ഗേറ്റിന് അടുത്തേക്ക് നടന്നു വരുന്ന മറിയം.
മാസ്സ്.. ബിജിഎം

സുധി കോപ്പ, ടി .ജി രവി, നിയാസ് ബക്കര്‍, തുടങ്ങിയ ശ്രദ്ധേയ താരങ്ങളുടെ ക്ലോസപ്പ് ഭാവങ്ങള്‍ (സന്തോഷം,സംതൃപ്തി കലര്‍ന്ന കണ്ണീര്‍ മുഖങ്ങള്‍) നടന്നു ഗേറ്റിന് അടുത്തേക്ക് വരുമ്പോള്‍ ഐപ്പിന്റെ ശവത്തിനടുത്തേക്ക് ഓടി വരുന്ന മക്കളെ പശ്ചാത്തലത്തില്‍ കാണാം.

ഗേറ്റിന് അടുത്തേക്ക് എത്തുന്ന മറിയം ആള്‍കൂട്ടത്തില്‍ നില്‍ക്കുന്ന വക്കീലിനോട്- വക്കീലേ…താന്‍ തയ്യാറാക്കിയ ജാമ്യം ഒന്ന് എന്റെ പേരില്‍ ആക്കിയേരെ. ജോസും പൊറിഞ്ചും പോയ പോലെ എനിക്ക് അങ്ങനെ പോകാന്‍ പറ്റില്ല. ഇനിയുള്ള വേരുകള്‍ കൂടി അറുത്തെറിയേണ്ടി വന്നാല്‍ അതും കൂടി ചെയ്യാന്‍ ഞാന്‍ ഇവിടെ തന്നെ വേണം. (ഇത് പറയുമ്പോള്‍ ഐപ്പിന്റെ മക്കളെ ഒന്ന് ചെറുതായി തിരിഞ്ഞു നോക്കുന്നുണ്ട്)

ടി.ജി. രവിയോട് -ചേട്ടാ. ഇനി ഒന്ന് പെടപ്പിച്ചേ.
മാസ്സ് ബിജിഎം. ബാന്റ് മേളത്തിന്റെ ശബ്ദത്തില്‍. (അങ്ങനെ ഐപ്പിന്റെ വീടിന്റെ മുറ്റത്ത് രക്തതാണ്ഡവം കളിച്ചു മറിയം ചരിത്രം തിരുത്തുന്നു) മറിയം ഡാന്‍സ് ചെയ്യുന്ന റിയാക്ഷന്‍…ക്ലോസ് അപ്പ് ഷോട്ട്. മുഖത്തു സംതൃപ്തിനിറഞ്ഞ ചിരി. (മറിയം ആ നില്‍പ്പ് തന്നെ പെരുന്നാള്‍ അല്ലെ. ശരിക്കും അന്നല്ലേ പെരുന്നാള്‍)

ദിവസങ്ങള്‍ക്ക് ശേഷം
മറിയം ശവക്കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ചു കരയുന്ന സിനിമയിലെ സീനിന്റെ തുടര്‍ച്ച. കഥയുടെ തുടക്കത്തില്‍ മറിയത്തിന് ഒരു വീര പരിവേഷം ഉണ്ട്. (സ്‌കൂളിലെ സീന്‍, പൊറിഞ്ചുവിനെ ചുംബിക്കുന്ന സീന്‍)

പക്ഷേ പിന്നീട് അപ്പന്റെ മരണം മുതല്‍ അവള്‍ വെറും കെട്ടുകാഴ്ച്ച ആകുന്നുണ്ട്. പൊറിഞ്ചുവിനോടൊപ്പം ഇറങ്ങി പോയാല്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിയാമായിരുന്ന അവള്‍ എന്തിന് അതിന് തയ്യാറായി. നിസ്സാര കാരണം വലിയ കാര്യം ആയി മറിയം ജീവിച്ചപ്പോള്‍ പ്രേക്ഷകര്‍ ആയിരുന്നു അയ്യേ. എന്ന് പറഞ്ഞു മുഖം ചുളിച്ചവര്‍.

ഇതിനൊക്കെ ഒരു ഉത്തരം ആയിരുന്നു ഈ ക്ലൈമാക്‌സ്. ജോസും പൊറിഞ്ചുവും ആളികത്തിയത് പോലെ മറിയവും ഇവിടെ പൊളിച്ചേനെ. മറിയത്തിന് ആള്‍ക്കാര്‍ നല്‍കുന്ന വീര പരിവേഷവും

പ്രിന്‍സിനോട് കാണിക്കുന്ന ഹീറോയിനിസവും ഇവിടെ പൂര്‍ണ്ണത പ്രാപിച്ചേനെ …ദുരന്ത ക്ലൈമാക്‌സ് ന്റെ വിങ്ങല്‍ ഉണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് സംതൃപ്തി കിട്ടിയേനെ. ഇങ്ങനെ ആയിരുന്നു ക്ലൈമാക്‌സ് എങ്കില്‍ മറിയം എന്തെങ്കിലും ഒന്ന് ചെയ്തു എന്ന് തോന്നുന്ന ഭാഗവും ഇതായിരിക്കും. പുരുഷ കഥാപാത്രത്തോടൊപ്പം സ്ത്രീ കഥാപാത്രത്തിനും പടത്തിന്റെ ടൈറ്റില്‍ നല്‍കുന്ന പ്രാധാന്യം വന്നേനെ. മറിയം തുടങ്ങി വെച്ച പ്രശ്‌നം മറിയം തന്നെ തീര്‍ക്കുന്നു.

Story highlights: Porinjumairamjose new climax post viral