സെയ്‌ഫിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുന്നുവെന്ന് പ്രഭാസ്- ആദിപുരുഷിൽ രാവണനായി സെയ്ഫ് അലി ഖാൻ

September 4, 2020

പ്രഭാസ് നായകനാകുന്ന ആദ്യ ബോളിവുഡ്‌ചിത്രമാണ് ആദിപുരുഷ്. സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് താരം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാമായണ കഥയാണ് പങ്കുവയ്ക്കുന്നതെന്നാണ് സൂചന. പ്രഭാസ് രാമനായി എത്തുമ്പോൾ സീതയായി കീർത്തി സുരേഷാണ് എത്തുന്നതെന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ രാവണൻ വേഷത്തിൽ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ എത്തുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി സെയ്ഫ് അലി ഖാനും രംഗത്തെത്തി. പ്രഭാസും ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സെയ്ഫ് അലി ഖാൻ ആദിപുരുഷനിൽ പങ്കാളിയാകുന്ന ആവേശത്തിലാണ് താനെന്ന് പ്രഭാസ് കുറിക്കുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നു കുറിച്ചുകൊണ്ട് പ്രഭാസ് പോസ്റ്ററും പങ്കുവെച്ചു.

ജനപ്രിയ താരമായ പ്രഭാസിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞ സന്തോഷമാണ് സെയ്ഫ് അലി ഖാൻ പങ്കുവയ്ക്കുന്നത്. ത്രീഡി രൂപത്തിൽ ഒരുങ്ങുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിക്കും. അതിനൊപ്പം തന്നെ തമിഴ്, മലയാളം, കാനഡ അടക്കമുള്ള ഭാഷകളിലും ചിത്രം എത്തും. തന്‍ഹാജിയുടെ സംവിധായകനായ ഓം റൗത്താണ് ആദിപുരുഷ് സംവിധാനം ചെയ്യുന്നത്. പ്രഭാസിന്റെ സാഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഭുഷന്‍ കുമാറാണ് ആദിപുരുഷും നിര്‍മ്മിക്കുന്നത്.

Story highlights- saif ali khan as ravan in adipurush